പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു. ഗൾഫ് മേഖലയെ ലക്ഷ്യമാക്കി ഇറാൻ ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ദുബായ് അൽ ബദയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
ഷാർജയിലെ അൽ തുരായ ടെലികോം കമ്പനിയുടെ ആസ്ഥാനത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. സെൻട്രൽ റീജിയണിലെ ഓഫീസാണ് ആക്രമിക്കപ്പെട്ടത്. ഇവിടെ ആർക്കും പരിക്കേറ്റതായി വിവരമില്ല. ദുബായ് തീരത്ത് കുവൈത്തിന്റെ പടുകൂറ്റൻ എണ്ണക്കപ്പലായ 'അൽ സലാമി'ക്ക് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. തീരത്ത് നിന്ന് 34 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ അധികൃതർ തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടി.സംഘർഷം ലഘൂകരിക്കുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കി. യുദ്ധം നിർത്തിയാൽ മാത്രമേ സമാധാന ചർച്ചകൾക്ക് തയ്യാറാവുകയുള്ളൂ എന്ന് ഇറാൻ അമേരിക്കയെ അറിയിച്ചു. സമാധാന ശ്രമങ്ങളുടെ മറവിൽ നടത്തിയ ആക്രമണങ്ങളെയും ചതിയെയും തങ്ങൾ മറക്കില്ലെന്നും ഇറാൻ തുർക്കി വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതോടെ ആഗോള തലത്തിൽ ആശങ്കകൾ വർദ്ധിക്കുകയാണ്. എണ്ണ വിപണിയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.