കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ ഇന്ധന ടാങ്കറുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തം ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'കുന' (KUNA) അറിയിച്ചു.
കുവൈറ്റ് ഏവിയേഷൻ ഫ്യുവലിംഗ് കമ്പനിയുടെ (KAFCO) ഉടമസ്ഥതയിലുള്ള ഇന്ധന ടാങ്കറുകൾക്ക് നേരെയാണ് ഡ്രോണുകൾ പതിച്ചത്. ഇതിനു മുൻപും മൂന്ന് തവണ വിമാനത്താവളത്തിന് നേരെ സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതോടെ നാലാം തവണയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിടുന്നത്. ഇന്ധന ടാങ്കറുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് സ്ഥിരീകരിച്ചു.
പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം പുകയുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. മേഖലയിലെ ഊർജ്ജ വിതരണത്തെയും വ്യോമഗതാഗതത്തെയും ബാധിക്കുന്ന തരത്തിലാണ് ഇറാന്റെ നീക്കങ്ങൾ. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
ആക്രമണത്തിൽ ഉണ്ടായ തീപിടുത്തം അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാന സർവീസുകളെ ഇത് ഭാഗികമായി ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.