പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു. ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സർക്കാർ കെട്ടിടങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്സ് ലക്ഷ്യം വെച്ചായിരുന്നു പ്രധാനമായും ആക്രമണം നടന്നത്. കൂടാതെ രണ്ട് പ്രധാന വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ ആക്രമണമുണ്ടായി.
ബഹ്‌റൈനിലെ പ്രമുഖ ഇന്ധന കമ്പനിയായ ബാപ്‌കോയ്ക്ക് (BAPCO) നേരെയും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണ ശ്രമം വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ-അമേരിക്ക സഖ്യത്തിന്റെ നീക്കങ്ങൾക്ക് മറുപടിയായാണ് ഗൾഫ് മേഖലയിൽ ഇറാൻ ഇത്തരമൊരു പ്രത്യാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.