ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കാരുണ്യക്കടലിൽ വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ട കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീം ഇന്ന് ജയിൽ മോചിതനാകും. റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷാ കാലാവധി കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പൂർത്തിയായതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. ഇതോടെ റഹീമിനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ഔദ്യോഗിക നിയമനടപടികൾ റിയാദിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
വലിയ പെരുന്നാളിന് മുൻപായി മകൻ വീട്ടിൽ തിരിച്ചെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് മാതാവ് ഫാത്തിമയും കുടുംബാംഗങ്ങളും. നീണ്ട 20 വർഷങ്ങളുടെ വേദന നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ റഹീമിന്റെ മോചനവാർത്തയറിഞ്ഞതോടെ വലിയ ആഹ്ലാദത്തിലാണ് കോടമ്പുഴയിലെ വീടും നാടും ഒന്നടങ്കം.
സൗദി റിയാദിൽ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ച കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളി സമൂഹം കൈകോർക്കുകയായിരുന്നു. വധശിക്ഷയിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ട 34 കോടിയോളം രൂപ ദയാധനമായി (ബ്ലഡ് മണി) റെക്കോർഡ് വേഗത്തിലാണ് മലയാളികൾ സമാഹരിച്ചത്. തുടർന്ന് ഈ തുക റിയാദിലെ കോടതിയിൽ കെട്ടിവെച്ചതോടെ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കുകയായിരുന്നു. വധശിക്ഷ ഒഴിവാക്കിയതിന് പിന്നാലെ കോടതി വിധിച്ച തടവുശിക്ഷയുടെ കാലാവധിയും ഇപ്പോൾ പൂർത്തിയായതോടെയാണ് റഹീം ഒടുവിൽ ജയിൽ മോചിതനായി സ്വന്തം മണ്ണിലേക്ക് മടങ്ങുന്നത്.