സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന പ്രവചനത്തെത്തുടർന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്ന് ജില്ലകളിലെയും പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
മലപ്പുറം, വയനാട് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല.
സാധാരണയായി ജൂൺ ഒന്നിന് ആരംഭിക്കേണ്ട കാലവർഷം ഇത്തവണ മൂന്ന് ദിവസം വൈകി ജൂൺ നാലിനാണ് സംസ്ഥാനത്ത് എത്തിയത്. എന്നാൽ എത്തിയതിനു ശേഷം അതിശക്തമായ മഴയാണ് വിവിധയിടങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ മതിലുകൾ ഇടിഞ്ഞുവീണും വീടുകളുടെ മേൽക്കൂര തകർന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മത്സ്യബന്ധന വിലക്ക് തുടരുകയാണ്. മലയോര മേഖലകളിൽ മണ്ണിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ഇതോടൊപ്പം പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.