അമേരിക്കയുമായി കരാറിലെത്തിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ച്ചി രംഗത്ത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലാണെന്നും ഒരു സമാധാന കരാറിനായി നടത്തുന്ന ശ്രമങ്ങൾ അതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രത്തിൽ മുൻപൊരിക്കലും ഒരു കരാറിന്റെ ഇത്രയും അടുത്തേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്ന് അരാഖ്ച്ചി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) കുറിച്ചു. പാകിസ്ഥാൻ മുൻകൈയെടുത്ത് മുന്നോട്ടുവെച്ച നിർദ്ദേശങ്ങളാണ് നിലവിലെ ചർച്ചകളെ ഈ ഘട്ടത്തിൽ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കരാറിൽ ഔദ്യോഗികമായ തീരുമാനമുണ്ടാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇറാന്റെ നിലപാടുകൾ യഥാസമയം വ്യക്തമാക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന കപ്പൽ ഇറാൻ ആക്രമിച്ചുവെന്ന ഡൊണാൾഡ് ട്രംപിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഇറാൻ തള്ളി. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന സമാധാന ശ്രമങ്ങളെ ഇസ്രായേൽ അട്ടിമറിക്കുകയാണെന്നും ഇറാൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.