Share this Article
News Malayalam 24x7
ധര്‍മേന്ദ്ര പ്രധാന്റെ രാജി വെയ്ക്കണം; സമരം തുടർന്ന് CJP
NEET CJP Protest

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധ സമരം നാലാം ദിവസത്തിലേക്ക് കടന്നു. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തത്തോടെ സമരം കൂടുതൽ ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം.

ഇന്നലെ വൈകിട്ട് ജന്തർ മന്തറിൽ ഒത്തുകൂടിയ സമരക്കാർ മെഴുകുതിരികൾ കത്തിച്ചാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇടതുപക്ഷ സംഘടനകളെയും കർഷക സംഘടനകളെയും കൂടി സമരത്തിന്റെ ഭാഗമാക്കി മാറ്റാനും വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ വിപുലമാക്കാനുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സി.ജെ.പി ഭാരവാഹികൾ വ്യക്തമാക്കി. കേന്ദ്രമന്ത്രി രാജി വെക്കാതെ സമരരംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ.


അതിനിടെ, ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമരക്കാർ രംഗത്തെത്തി. ജന്തർ മന്തറിലെ സമാധാനപരമായ സമരത്തെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. സമരക്കാർക്ക് കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നവരുടെ പോലും ആധാർ കാർഡ് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ടെന്നാണ് ആരോപണം.


സമരത്തിന്റെ ആദ്യ ദിവസം വൈകുന്നേരത്തോടെ സമരസ്ഥലത്തെ കുടിവെള്ളവും വൈദ്യുതിയും പൊലീസ് തടഞ്ഞിരുന്നു. പോലീസിന്റെ ഇത്തരം നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നും ലാത്തിച്ചാർജ് ഉണ്ടായാലും അറസ്റ്റ് വരിച്ചാലും സമരത്തിൽ നിന്നും പിന്മാറില്ലെന്നും സമരക്കാർ ആവർത്തിച്ചു വ്യക്തമാക്കി. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥി സംഘടനകൾ സമരത്തിന് പിന്തുണയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories