Share this Article
News Malayalam 24x7
മലയാളത്തിന് അഭിമാനം; പത്മവിഭൂഷൺ സ്വീകരിച്ച് ജ.കെടി തോമസും പി നാരായണനും, പത്മഭൂഷണ്‍ ഏറ്റുവാങ്ങി മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും
വെബ് ടീം
posted on 23-06-2026
1 min read
padma awards

ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. രണ്ടാംഘട്ട പുരസ്‌കാര വിതരണത്തിൽ 65 പേരെയാണ് രാജ്യം ആദരിക്കുന്നത്.പത്മവിഭൂഷൺ സ്വീകരിച്ച് ജ.കെ ടി തോമസും പി നാരായണനും,പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും മലയാളത്തിന് അഭിമാനമായി.

മമ്മൂട്ടിക്കൊപ്പം പത്മഭൂഷണ്‌ അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഗായിക അൽക യാഗ്നിക്കിനും രാഷ്ട്രപതി ബഹുമതി സമ്മാനിച്ചു. ഇവർക്ക് പുറമേ, പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ ചടങ്ങിൽ വെച്ച് രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇതോടെ രണ്ടാം ഘട്ട ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേരും പുരസ്കാരങ്ങൾ കൈപ്പറ്റി

ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവെ സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്.മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ്. ജോർജും സദസ്സിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories