Share this Article
News Malayalam 24x7
അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസില്‍ 8 പേര്‍ അറസ്റ്റില്‍; 200 കോടിയുടെ തട്ടിപ്പ് നടന്നെന്ന് SIT
Ayodhya Temple

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണവും സംഭാവനകളും തട്ടിയെടുത്ത കേസിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കളുടെ അടുത്ത അനുയായികൾ ഉൾപ്പെടെ എട്ട് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഭക്തർ സമർപ്പിച്ച കാണിക്കപ്പണം എണ്ണുന്നതിനിടയിൽ ആസൂത്രിതമായി മോഷ്ടിച്ചെന്നാണ് പ്രതികൾക്കെതിരായ കണ്ടെത്തൽ. നിർണായകമായ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് രേഖപ്പെടുത്തിയത്.

രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായിയുടെ അടുത്ത അനുയായിയും മുൻ ഡ്രൈവറുമായ ടിനു യാദവ് ആണ് പിടിയിലായവരിൽ പ്രമുഖൻ. രാമശങ്കർ യാദവ്, സുഭാഷ് ശ്രീവാസ്തവ്, അനുകൽപ് മിശ്ര തുടങ്ങിയവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ക്ഷേത്രത്തിൽ നിന്നും ഏകദേശം 200 കോടി രൂപയോളം ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ടെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. ഭക്തർ നൽകുന്ന കാണിക്ക പണം എണ്ണുന്നതിനിടയിൽ പ്രതിദിനം ഇവർ ആസൂത്രിതമായി പണം കടത്തുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.


യു.പി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഈ വൻ അഴിമതി പുറത്തുവന്നത് യോഗി ആദിത്യനാഥ് സർക്കാരിനും ബിജെപിക്കും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപ് തന്നെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനും യോഗി ആദിത്യനാഥിനും എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ഉയർന്ന ശക്തമായ ജനരോഷത്തിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. ഈ കേസ് യോഗി സർക്കാരിനെതിരെ വലിയ ആയുധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ ഉയർന്ന ഭാരവാഹികളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories