അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ ക്ഷേത്രസംഭാവന വിവാദം ശക്തമാകുന്നതിനിടെ, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും വെള്ളിയാഴ്ച തങ്ങളുടെ പദവികൾ രാജിവെച്ചു.
ക്ഷേത്രത്തിലെ കാണിക്കപ്പണം കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരുവരുടെയും രാജി.
സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരം കേസിൽ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുൻ ട്രസ്റ്റി കാമേശ്വർ ചൗപാലിന്റെ നിര്യാണത്തെ തുടർന്ന് 2025 സെപ്റ്റംബറിൽ ട്രസ്റ്റിൽ അംഗമായ കൃഷ്ണ മോഹൻ ആണ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം തന്നെ കേസിൽ പ്രതികളായ എട്ട് പേരെയും ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് അറസ്റ്റിലായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.