Share this Article
News Malayalam 24x7
'ഓപ്പറേഷൻ അമിസ്റ്റാഡ്'; വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ; രണ്ട് വിമാനങ്ങൾ പുറപ്പെട്ടു
വെബ് ടീം
posted on 26-06-2026
1 min read
operation amistad

ന്യൂഡൽഹി:ഇരട്ട ഭൂകമ്പത്തിൽ വിറങ്ങലിച്ച വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ. ഇതിനായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ ഓപ്പറേഷൻ അമിസ്റ്റാഡ് പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ അടിയന്തര മാനുഷിക സഹായവുമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങൾ വെനിസ്വേലയിലേക്ക് പുറപ്പെട്ടു. ഇതിൽ ഒരു ഇന്ത്യൻ ആർമി ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്നു. ഈ ദുഷ്‌കരമായ സമയത്ത് വെനിസ്വേല സർക്കാരിനെയും ജനങ്ങളെയും ചേർത്തുനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് എസ് ജയ്ശങ്കർ പറഞ്ഞു.

അതേസമയം, ഭൂകമ്പം തകർത്ത വെനസ്വേലിയൻ പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 235 പേർ മരണപ്പെടുകയും കുറഞ്ഞത് 4,300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ കാണാതായി. ബുധനാഴ്ച വൈകുന്നേരമാണ് വെനസ്വേലയിൽ 7.2, 7.5 തീവ്രതയുള്ള ശക്തമായ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories