കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അറിവിന്റെയും പഠനത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റാൻ ധർമ്മേന്ദ്ര പ്രധാൻ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം. രാജ്യത്ത് പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) ഫലപ്രദമായി നടപ്പിലാക്കുന്നതിനായി പ്രധാൻ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതത്തിനായി പ്രാർത്ഥിക്കുന്നതായും അദ്ദേഹം ആശംസിച്ചു.
നീറ്റ് (NEET) പരീക്ഷാ വിവാദങ്ങൾ, പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രമന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കുകയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.