Share this Article
News Malayalam 24x7
അയോധ്യ സംഭാവന തട്ടിപ്പില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്; ബാങ്ക് ജീവനക്കാരുടെ പങ്കും അന്വേഷിക്കും
Ayodhya Temple Donation Case

അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ട്രസ്റ്റിൽ വൻ അഴിച്ചുപണി. ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി ഡോ. അനിൽ മിശ്രയും പദവികൾ രാജി വെച്ചു. ഇരുവരുടെയും രാജിക്ക് പിന്നാലെ കേസിൽ ഉൾപ്പെട്ട എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 79 ലക്ഷത്തിലധികം രൂപയും കണ്ടെടുത്തിട്ടുണ്ട്.

ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് അയോധ്യ രാമജന്മഭൂമി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായവരെ നിലവിൽ അയോധ്യ കോടതി തിങ്കളാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.


ക്ഷേത്രത്തിലെ പണം എണ്ണുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് ബാങ്ക് ജീവനക്കാരുടെ പങ്കാളിത്തം അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിക്കുന്നത്. കേസിൽ പിടിയിലായ മുഖ്യപ്രതിയും വിരമിച്ച ബാങ്ക് ജീവനക്കാരനുമായ രാമശങ്കർ യാദവ് (ടിന്നു യാദവ്) ചമ്പത് റായിയുടെ മുൻ ഡ്രൈവർ കൂടിയാണ്. ഇയാളുടെ ഇടപെടലുകൾ വഴി അഞ്ച് ബാങ്ക് ജീവനക്കാർ ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനായി എത്തിയിരുന്നു. ഈ അഞ്ച് ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ എസ്‌ഐടിയുടെ അന്വേഷണം പുരോഗമിക്കുന്നത്.


ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും സിസിടിവി ക്യാമറകൾ ബോധപൂർവ്വം മറച്ചുവെച്ചും അണച്ചും ഇവർ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് എസ്‌ഐടി കണ്ടെത്തൽ. ക്ഷേത്രത്തിനുള്ളിൽ നിന്ന് മോഷ്ടിച്ച ലക്ഷക്കണക്കിന് രൂപ ശൗചാലയം വഴി പുറത്തേക്ക് കടത്തുകയായിരുന്നുവെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.


ക്ഷേത്ര ട്രസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്ന മുൻ വിശ്വഹിന്ദു പരിഷത്ത് (VHP) ഉപാധ്യക്ഷൻ കൂടിയായ ചമ്പത് റായിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ചമ്പത് റായിക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളും ചില ഹൈന്ദവ കൂട്ടായ്മകളും ആരോപിക്കുന്നത്.


സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ട്രസ്റ്റിലെ ഉന്നതരിലേക്ക് അന്വേഷണം എത്താതിരിക്കാൻ താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി കേസ് ഒതുക്കിത്തീർക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, സംഭവത്തിൽ കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories