മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. പാർലമെന്റിന്റെ കേന്ദ്ര ജലവിഭവ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിലാണ് ഇരു സംസ്ഥാനങ്ങളും ചർച്ചകൾ നടത്തുക. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കും.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എം.പിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ജെബി മേത്തർ എം.പി, ഡീൻ കുര്യാക്കോസ് എം.പി അടക്കമുള്ള സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
തമിഴ്‌നാട്ടിൽ ഡി.എം.കെ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യങ്ങളെ ശക്തമായി എതിർക്കുകയും, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണമെന്ന തങ്ങളുടെ പഴയ നിലപാട് നയപ്രഖ്യാപനത്തിലൂടെ ആവർത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നത്തെ നിർണായക ചർച്ച നടക്കുന്നത്. പുതിയ അണക്കെട്ട് നിർമ്മാണത്തിൽ തങ്ങളുടെ ഭാഗം കേന്ദ്ര സമിതിക്ക് മുന്നിൽ ശക്തമായി അവതരിപ്പിക്കാനാണ് കേരളത്തിന്റെ തീരുമാനം.