മുംബൈ: മഹാരാഷ്ട്രയിലെ നസ്രാപൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 65കാരനായ പ്രതി ഭീംറാവു പ്രഭാകർ കാംബ്ലിയെ പ്രത്യേക കോടതി ജഡ്‌ജി എസ് ആർ സലൂംഗെയാണ് ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് ഈ മാസം 25ന് കോടതി കണ്ടെത്തിയിരുന്നു.മഹാരാഷ്‌ട്രയുടെ ചരിത്രത്തിൽ അതിവേഗം വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ച കേസുകളിലൊന്നാണിത്.
2026 മേയ് ഒന്നാം തീയതിയാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്.മഹാരാഷ്ട്രയിലെ നസ്രപുരിൽ മെയ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അവധിക്കാലത്ത് മുത്തശിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. മധുരപലഹാരം തരാമെന്നും പശുക്കുട്ടിയെ കാണിച്ചുകൊടുക്കാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടിയെ കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്.
ഇൻസ്‌പെക്‌ടർ വിജയ്‌മാലാ പവാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ പിടികൂടി. 15 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തിൽ 55 സാക്ഷിമൊഴികളും ശാസ്‌ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും വൈദ്യപരിശോധനാ ഫലങ്ങളും ഫോറൻസിക് റിപ്പോർട്ടുകളും ഉൾപ്പെടുന്നുണ്ട്.മേയ് 21ന് പ്രത്യേക കോടതിയിൽ വിചാരണ ആരംഭിച്ചു. തുടർന്ന് 36 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ജൂൺ 25ന് കോടതി കേസിൽ വിധി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ ശിക്ഷ വിധിക്കുകയും ചെയ്‌തു.