ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നു. കായിക വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ അന്തിമ തീരുമാനമെടുക്കും.
മെസ്സിയെ കൊണ്ടുവരുന്നതിന്റെ പേരിൽ സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായാണ് കായിക വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിഷയത്തിൽ ചട്ടങ്ങൾ ലംഘിച്ച് അധികാര ദുർവിനിയോഗം നടന്നതായും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ മുൻ കായിക മന്ത്രിയുടെ പങ്കും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
ചട്ടലംഘനം: സ്പോൺസറെ തെരഞ്ഞെടുക്കുന്നതിനായി യാതൊരുവിധ ടെൻഡർ നടപടികളും പാലിച്ചില്ല.
പരിശോധനകളില്ലാതെ കരാർ: ധനകാര്യ-നിയമ വകുപ്പുകളുടെ കർശനമായ പരിശോധനകൾ പൂർത്തിയാക്കാതെയാണ് കരാറുമായി മുന്നോട്ടുപോയത്.
സർക്കാരിന് ബാധ്യത: സ്വകാര്യ കമ്പനിക്ക് (സ്പോൺസർക്ക്) അനുകൂലമായി നിലപാടുകൾ സ്വീകരിക്കുകയും സർക്കാരിനെ നിയമക്കുരുക്കിലാക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കണ്ടെത്തലുകൾ അതീവ ഗുരുതരമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വിശദമായ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉടൻ ഉത്തരവിറക്കുമെന്നാണ് സൂചന.