തിരുവനന്തപുരം: ജീവിതാനുഭവങ്ങളും ഇഷ്ടങ്ങളും മറക്കാനാവാത്ത സംഭവങ്ങളും കുട്ടിക്കാല ഓർമ്മകളും മോഹൻലാലിനോട് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകൾ പങ്കുവച്ചത്. പാട്ട് പാടി ആയിരുന്നു മുഖ്യമന്ത്രിക്ക് മോഹൻലാലിൻറെ ആദരവ്. സ്വപ്നത്തിൽപ്പോലും ഇല്ലാത്ത അഭിമുഖമെന്ന് മോഹൻലാൽ പറഞ്ഞു.
കുട്ടിക്കാലവും സ്‌കൂൾ ജീവിതവും മുഖ്യമന്ത്രി ഓർത്തെടുത്തു.തനിക്കുള്ളത് രണ്ട് സഹോദരന്മാർ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവർ ചെറുപ്രായത്തില്‍ തന്നെ വിട്ടുപോയെന്ന് സഹോദരങ്ങളെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്‍എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്. രാത്രിയിലെ ഇരുളിൽ ഏത് സമയവും എവിടെയും ഏത് പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്നാണ് തോന്നിയിരുന്നത്. അതെല്ലാം വളര്‍ന്നപ്പോൾ താൻ തന്നെ മാറ്റിയെടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തന്റെ ഏറെ പ്രിയപ്പെട്ട ആഴത്തിലുള്ള ബന്ധവും അദ്ദേഹം പങ്കുവയ്ക്കാതിരുന്നില്ല.അഞ്ചാം തരത്തിൽ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ കുട്ടി പഠിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനധ്യാപകനും മാനേജറും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യുപി സ്കൂളിൽ ചേരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു.
അച്ഛനും അമ്മയും ഈശ്വരവിശ്വാസമുള്ള ആളുകൾ ആയിരുന്നോ എന്ന ചോദ്യത്തിന്, ഈശ്വര വിശ്വാസം മാത്രമല്ല, അന്നത്തെ കാലത്തെ സംബന്ധിച്ചിടത്തോളം ഭൂതപ്രേത കാര്യങ്ങളിലെല്ലാം വിശ്വാസം ഉണ്ടായിരുന്ന ആളുകളായിരുന്നു എന്നായിരുന്നു പിണറായിയുടെ മറുപടി.അച്ഛനേക്കാൾ കൂടുതൽ അമ്മയായിരുന്നു ഇത്തരം കാര്യങ്ങളിൽ വിശ്വാസം കൊണ്ടുനടന്നതെന്നും, അദ്ദേഹം പറഞ്ഞുവെച്ചു. അതേസമയം അമ്മ (കല്യാണി) ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.'എന്റെ എല്ലാ കാര്യങ്ങളിലും തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഏറെ കരുതലോടെ എന്നെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എന്റെ അമ്മ. അമ്മയുടെ വേർപിരിയൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരക്ഷരം പോലും പുറത്ത് പറയാൻ സാധിച്ചിട്ടില്ല. അത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്.'
മലയാള സിനിമയിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ആക്ഷൻ പടങ്ങൾ കാണാനാണ് ഏറെയിഷ്ടം. രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ കോളേജ് വിദ്യാഭ്യാസ കാലത്തുണ്ടായിരുന്ന ഒരു സുഹൃത്ത് മദ്യപാനി ആയി മാറിയതാണ് തനിക്ക് വലിയ പശ്ചാത്താപം ഉണ്ടാക്കിയ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയാൾ വലിയ കാശുകാരനായിരുന്നു. അന്നത്തെ കാലത്ത് നൂറിന്റെ നോട്ടുകൾ കൈവശമുണ്ടായിരുന്ന ആളാണ്. പക്ഷെ എന്നെ വലിയ കാര്യമായിരുന്നു. അടുത്ത സുഹൃത്തുമായിരുന്നു. പക്ഷെ അയാൾ മദ്യം ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. മദ്യപാനത്തേപ്പറ്റി ഉപദേശിച്ചെങ്കിലും അയാൾ അത് തുടർന്നു. പിന്നീട് അയാളുമായുള്ള സൗഹൃദം ഞാൻ ഉപേക്ഷിച്ചു. എന്നാൽ ആ ബന്ധം വിഛേദിച്ചതോടെ അയാൾ കൂടുതൽ മദ്യപാനത്തിലേക്ക് പോയി. അങ്ങനെ ചെയ്തത് പിന്നീട് കുറ്റബോധമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്റെ ദൗർബല്യം മക്കളാണെന്ന് ചിലർ കരുതിയിരുന്നു. എതിർ രാഷ്ട്രീയ ചേരിയിലുള്ള ഒരാൾ ഒരുദിവസം വന്ന് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധിയുണ്ട് എന്ന് വന്ന് അറിയിച്ചു. എന്നാൽ അത് വരുന്നത് വച്ച് കാണാമെന്ന് നിലപാടാണ് ഞാൻ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തളർത്താൻ വേണ്ടി ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഒരുകാലത്തും തളർന്നുപോയ സാഹചര്യങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എന്റെ വിശ്വാസം പാർട്ടിയോടാണ്. ആ പാർട്ടിയിലുള്ള വിശ്വാസമാണ് എനിക്ക് കരുത്ത് നൽകിയത്.
പഴയകാലത്തെ പോലെ ആളുകളുമായി കൂടിയിരിക്കാനും സമയം ചെലവഴിക്കാനും ഇപ്പോൾ സാധിക്കുന്നില്ല. ഓരോ കാലത്തും ഓരോ നിയോഗങ്ങളുണ്ട്. അത് നിർവഹിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. ഒറ്റക്കിരിക്കേണ്ടി വന്നാൽ അതിലും തനിക്ക് ബുദ്ധിമുട്ടില്ലെന്നും സമാധാനമായി ഇരിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം സ്വന്തം വീടാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് കാര്‍ക്കശ്യക്കാരനായ നേതാവെന്ന വിളിപ്പേര് മാധ്യമങ്ങള്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ക്കശ്യക്കാരന്‍ എന്നത് വലതുപക്ഷ മാധ്യമങ്ങള്‍ ഉണ്ടാക്കിയ ബ്രാന്‍ഡിങ് ആണ്. സിപിഎമ്മിന്റെ നേതാവ് ഇടതുപക്ഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്ഥനാണ് എന്ന് കാണിക്കാന്‍ ചിലര്‍ക്ക് താത്പര്യമുണ്ട്. മനുഷ്യന് പലഭാവങ്ങളുണ്ട്, അതില്‍ ക്ഷോഭിച്ച ഭാവങ്ങളായിരിക്കും കൊടുക്കുന്നത്. മറ്റ് ഭാവങ്ങള്‍ കൊടുക്കേണ്ടെന്ന് വയ്ക്കുന്നതാണെന്നും മോഹന്‍ലാലുമായി നടത്തിയ സംഭാഷണത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മറക്കാനാവാത്ത യാത്രകളെ കുറിച്ചുള്ള ചോദ്യത്തിന് വിവാദ സിംഗപ്പൂര്‍ യാത്രയെ കുറിച്ചും പിണറായി പ്രതികരിച്ചു. ലാവലിൻ വാർത്തകൾ ഓർമ്മിപ്പിച്ചായികുന്നു പിണറായി വൈദ്യുതിയുടെ വാക്കുകൾ. മന്ത്രി സ്ഥാനം രാജിവച്ച ശേഷമായിരുന്നു കുടുംബത്തോടൊപ്പമുള്ള ആ യാത്ര. അതിനെ കുറിച്ച് പിന്നീട് വലിയ കഥകള്‍ ഉയര്‍ന്നു വന്നു. അതൊരു ആസ്വദിച്ച യാത്രയായിരുന്നു, വാര്‍ത്തകളില്‍ അന്നും ഇന്നും വിഷമം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.