Share this Article
News Malayalam 24x7
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ്; ഹൈക്കോടതിയില്‍ അപ്പീലുമായി പ്രതികള്‍
highcourt

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ തങ്ങൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ അപ്പീലുമായി പ്രതികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി (INTUC) സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ (MD) കെ.എ. രതീഷ് എന്നിവരാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഹർജി നൽകിയത്.

തങ്ങളുടെ ഭാഗം കേൾക്കാതെയും വാദങ്ങൾ പരിഗണിക്കാതെയുമാണ് പ്രോസിക്യൂഷൻ അനുമതി നൽകിയതെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. അതിനാൽ ഈ വിഷയത്തിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കണമെന്നും, അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ സിബിഐ തുടരുന്ന അന്വേഷണവും നടപടികളും സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.


കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ മൂന്ന് തവണ അനുമതി തേടിയിട്ടും നടപടിയെടുക്കാതിരുന്ന സർക്കാരിനെതിരെ മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. കോടതിയുടെ കടുത്ത നിലപാടിനെ തുടർന്ന് ജൂലൈ രണ്ടിനാണ് വ്യവസായ വകുപ്പ് പ്രോസിക്യൂഷൻ അനുമതി നൽകി ഉത്തരവിറക്കിയത്. ഈ ഉത്തരവും അതിന് വഴിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവുകളുമാണ് പ്രതികൾ ഇപ്പോൾ ഡിവിഷൻ ബെഞ്ചിൽ ചോദ്യം ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories