അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച കൂട്ടാളികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അർജുന്റെ സുഹൃത്ത് പ്രണവ്, ബന്ധു കുട്ടൻ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി ബുധനാഴ്ചയാണ് കണ്ണൂരിലെത്തിയത്. അതിനുമുമ്പ് തളിപ്പറമ്പിലെ ഹോട്ടലിൽ രണ്ട് ദിവസം ഇയാൾ തങ്ങിയിരുന്നു. ഇവിടെ ഇവർ ഒന്നിച്ച് താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താവളം പൊലീസിന് മനസ്സിലായെന്നറിഞ്ഞതോടെ പ്രണവും കുട്ടനും രക്ഷപ്പെടുകയും അർജുൻ ആയങ്കി അഭിഭാഷകന്റെ സഹായത്തോടെ കണ്ണൂരിലെത്തി പൊലീസിന് മുന്നിൽ കീഴടങ്ങുകയുമായിരുന്നു.
വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. 2012 മുതൽ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ജനപ്രതിനിധികളെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തൽ തുടങ്ങി 23-ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അർജുന്റെ വിശദമായ 'കേസ് ഹിസ്റ്ററി റിപ്പോർട്ട്' ഈ ആഴ്ച തന്നെ തയ്യാറാക്കി കണ്ണൂർ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തുടർന്ന് കളക്ടറുടെ ഉത്തരവ് ലഭിക്കുന്നതോടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആറുമാസത്തിലധികം തടങ്കൽ ലഭിക്കാനുള്ള സാധ്യതയുണ്ട്.കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.