തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനു ജാമ്യം.ഉപാധികളോടെയാണ് ജാമ്യം.ഉപാധികളോടെ ജാമ്യം നൽകിയത് തിരുവനന്തപുരം ACJM കോടതി.
അതേ സമയം ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൂടാതെ ടി ജി മോഹന്‍ദാസിനെതിരെ വേറെയും രണ്ട് കേസുകള്‍ ഉണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ചയാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ടി ജി മോഹൻദാസിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോം ടി ജി മോഹൻദാസിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമായിരുന്നു ടി ജി മോഹൻദാസിനെ കോടതിയിൽ ഹാജരാക്കിയത്.
'പത്രിക' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹൻദാസിന്റെ വിവാദ പരാമർശം. പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹൻദാസ് പറഞ്ഞത്. ജന്തർ മന്തറിൽ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൈക്കിൽ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകൾ ചിതറിയോടും. കുറേ പേർ മരിക്കും, കുറേ പേർ മരിക്കില്ല, കുറേ പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കുമെന്നും ടി ജി മോഹൻദാസ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹൻദാസ് പറഞ്ഞിരുന്നു. ഡൽഹിയിൽ സമരം ചെയ്ത പെൺകുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശവും നടത്തിയിരുന്നു.