Share this Article
News Malayalam 24x7
സംസ്ഥാനത്തിന്റെ പേര് ഇനി കേരളം; മലയാളികൾക്ക് ഓണസമ്മാനമായി വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ
വെബ് ടീം
0 hours 43 Minutes Ago
1 min read
keralam

ന്യൂഡൽഹി: മലയാളികൾക്ക് ഓണസമ്മാനമായി കേന്ദ്ര സർക്കാർ വിജ്ഞാപനം. സംസ്ഥാനത്തിന്റെ പേര് ഇന്നു മുതൽ ഔദ്യോഗികമായി ‘കേരളം’. ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതിനുള്ള നിയമം ഇന്നു മുതൽ പ്രാബല്യത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. തിരുവോണത്തിന്റെ തലേന്നാണ് വിജ്ഞാപനമെന്നതും ശ്രദ്ധേയമാണ്. പേരുമാറ്റാനുള്ള ബിൽ 14ന് നിയമമായെങ്കിലും അത് പ്രാബല്യത്തിലാക്കിയിരുന്നില്ല. പേരുമാറ്റം സംബന്ധിച്ച അന്തിമനടപടിക്രമമാണ് ഇതോടെ പൂർത്തിയായത്.

ഇനി ഒരു വർഷത്തിനകം, കേരളത്തിന്റെ പേരുമാറ്റം പ്രതിലിപ്പിക്കുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് വ്യവസ്ഥ.2026 ഓഗസ്റ്റ് 25ന് പേരുമാറ്റം പ്രാബല്യത്തിൽ വന്നതിനാൽ 2027 ഓഗസ്റ്റ് 25ന് മുൻപ് സർക്കാരുകൾ നിയമങ്ങളിൽ മാറ്റം വരുത്തണം. ഒരു നിയമത്തിൽ ‘സ്റ്റേറ്റ് ഓഫ് കേരള’ എന്നൊരു പരാമർശമുണ്ടെങ്കിൽ അത് ‘സ്റ്റേറ്റ് ഓഫ് കേരളം’ എന്നാക്കി മാറ്റണം. ഈ സമയപരിധിയിൽ കോടതികളിൽ പഴയ നിയമങ്ങൾ പരാമർശിക്കുമ്പോൾ ‘കേരള’ എന്നതിനെ ‘കേരളം’ എന്ന് വ്യാഖ്യാനിക്കാം.

പേരുമാറ്റം പ്രാബല്യത്തിലാകുന്നതിനു മുൻപ്, സംസ്ഥാന സർക്കാർ കക്ഷിയായ ഒരു കേസിൽ ‘സ്റ്റേറ്റ് ഓഫ് കേരള’ എന്നാണെങ്കിൽ അത് ‘സ്റ്റേറ്റ് ഓഫ് കേരളം’ ആയി കണക്കാക്കും.മലയാളത്തിൽ ‘കേരളം’ എന്നാണ് ഉപയോഗിക്കുന്നതെങ്കിലും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’എന്നാണ്. ഇത് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories