ക്യൂബയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം സമീപ രാജ്യമായ യു.എസിലെ വിവിധ നഗരങ്ങളിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. കടലിനടിയിൽ ഏകദേശം ഒരു കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്.
ക്യൂബയിലെ മാന്റുവാ നഗരത്തിൽ നിന്നും ഏകദേശം 65 മൈൽ വടക്കുപടിഞ്ഞാറായി കടലിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയോടെയായിരുന്നു സംഭവം. കടലിലാണ് പ്രഭവകേന്ദ്രമെങ്കിലും ഫ്ലോറിഡയിലെ മിയാമി, ഓർലാൻഡോ, ടാമ്പ, ജാക്സൺവിൽ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം നേരിയ കുലുക്കം അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കൽ സർവേ (USGS) സ്ഥിരീകരിച്ചു.
ഭൂചലനത്തെ തുടർന്ന് ജനങ്ങളിൽ പരിഭ്രാന്തി പരന്നെങ്കിലും നിലവിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.