Share this Article
News Malayalam 24x7
മെലോണി ഫോട്ടോയ്ക്ക് വേണ്ടി കെഞ്ചി അപേക്ഷിച്ചു'; അവരോട് പാവം തോന്നിയതുകൊണ്ട് സമ്മതിച്ചെന്നും ട്രംപ്; മെലോണിയുടെ മറുപടിയും രണ്ട് രാജ്യങ്ങളുടെ ബന്ധം തകർത്തതും
വെബ് ടീം
1 hours 54 Minutes Ago
1 min read
MELONI

ഒരു കാലത്ത് ഡൊണാൾഡ് ട്രംപിന്റെ ശക്തയായ അനുഭാവിയായിരുന്നു ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി.യുഎസും യൂറോപ്യൻ യൂണിയനും തമ്മിൽ കടുത്ത ഭിന്നത നിലനിന്നിരുന്ന സാഹചര്യത്തിലും, ട്രംപിന്റെ 2025-ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ഏക യൂറോപ്യൻ നേതാവ് മെലോണിയായിരുന്നു.ഇന്നിപ്പോൾ രണ്ടു പേരും തമ്മിലും രണ്ട് രാജ്യങ്ങൾ തമ്മിൽ വരെയുള്ള ബന്ധം തകർക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

ജി7 ഉച്ചകോടിക്കിടെ ഒരുമിച്ച് ഫോട്ടോയെടുക്കാൻ മെലോണി തന്നോട് "കെഞ്ചി അപേക്ഷിച്ചു" എന്ന് യു എസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് പരസ്യമായി അവകാശപ്പെട്ടതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ ഇറ്റാലിയൻ പ്രധാനമന്ത്രി ഈ അവകാശവാദം ശക്തമായി നിഷേധിച്ചു. ഇറ്റലിയിലെ 'ലാ7' (La7) ചാനലിന് നൽകിയ പ്രത്യേക ഫോൺ അഭിമുഖത്തിലാണ്, മെലോണി തന്നോട് ഫോട്ടോയെടുക്കാൻ ആവശ്യപ്പെട്ടെന്നും അവരോട് പാവം തോന്നിയത് കൊണ്ടാണ് താൻ അതിന് സമ്മതിച്ചതെന്നും ട്രംപ് പറഞ്ഞത്.

ട്രംപിന്റെ ഈ പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നും ഇത് പൂർണ്ണമായും കെട്ടിച്ചമച്ച കഥയാണെന്നും മെലോണി മറുപടി നൽകി. താനോ ഇറ്റലിയോ ആരുടെ മുന്നിലും ഒന്നിനും  യാചിച്ചു നിൽക്കില്ലെന്നും മെലോണി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.  ട്രംപിന്റെ ഈ പരാമർശം ഇറ്റാലിയൻ നേതാക്കൾക്കിടയിൽ തന്നെ  കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്തോണിയോ തയാനി അമേരിക്കൻ സന്ദർശനം റദ്ദാക്കിയിരിക്കുകയാണ്. 

ഗ്രീൻലാൻഡ് സ്വന്തമാക്കണമെന്ന ട്രംപിന്റെ കടുത്ത നിലപാടോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ആദ്യമായി വിള്ളലുകൾ വീഴാൻ തുടങ്ങിയത്. ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീൻലാൻഡ് വിലയ്ക്ക് വാങ്ങാൻ ട്രംപ് ആവർത്തിച്ച് നിർദ്ദേശിക്കുകയും ഇതിനെ എതിർത്ത സഖ്യകക്ഷികൾക്കുമേൽ നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, മെലോണി യൂറോപ്യൻ യൂണിയനിലെ തന്റെ പങ്കാളികൾക്കൊപ്പം നിലയുറപ്പിച്ചു.യുക്രെയ്ൻ വിഷയമായിരുന്നു ഇരുവർക്കുമിടയിലെ മറ്റൊരു പ്രധാന തർക്കവിഷയം. യുക്രെയ്നുള്ള പിന്തുണ കുറയ്ക്കാനും റഷ്യയ്ക്ക് കൂടുതൽ ഇളവുകൾ നൽകാനും ട്രംപ് ഭരണകൂടം താല്പര്യം കാണിച്ചപ്പോൾ, യൂറോപ്പ് യുക്രെയ്ൻ യുദ്ധത്തിൽ കൂടുതൽ ഇടപെടുന്നതിനെ തുടക്കത്തിൽ മെലോണി എതിർത്തിരുന്നെങ്കിലും, പിന്നീട് റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ അവർ നാറ്റോയ്ക്കും (NATO) യൂറോപ്യൻ യൂണിയനും ഒപ്പം ഉറച്ചുനിന്നു.ഇറാനിലെ ട്രംപിന്റെ യുദ്ധനയങ്ങളെ വിമർശിച്ച ലീയോ പതിനാലാമൻ മാർപ്പാപ്പയ്‌ക്കെതിരെ ട്രംപ് പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം പൂർണ്ണമായി തകർന്നത്. മാർപ്പാപ്പ കുറ്റകൃത്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്ന ആളാണെന്നും തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് നിർത്തണമെന്നും ട്രംപ് പരിഹസിച്ചു. എന്നാൽ മാർപ്പാപ്പയ്‌ക്കെതിരെയുള്ള ട്രംപിന്റെ വിമർശനം അപ്രായോഗികവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് മെലോണി തുറന്നടിച്ചു.സമാധാനത്തിന് വേണ്ടിയാണ് കത്തോലിക്കാ സഭയുടെ തലവൻ സംസാരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഇതിന് മറുപടിയായി, മെലോണിക്ക് ധൈര്യമുണ്ടെന്നാണ് താൻ കരുതിയതെന്നും എന്നാൽ തനിക്ക് തെറ്റുപറ്റിയെന്നും ട്രംപ് പരിഹസിച്ചു. ഇറാൻ ആണവായുധം നിർമ്മിച്ച് രണ്ട് മിനിറ്റിൽ ഇറ്റലിയെ തകർക്കാൻ നോക്കിയാൽ പോലും മെലോണിക്ക് അത് പ്രശ്നമല്ലെന്ന രീതിയിലാണ് ട്രംപ് പിന്നീട് ഇറ്റാലിയൻ പത്രമായ 'കോറിയർ ഡെല്ല സെറ'യോട് പ്രതികരിച്ചത്.

കൂടാതെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഒരു നാവികസേന രൂപീകരിക്കാൻ യൂറോപ്യൻ നേതാക്കളോട് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇറ്റലി ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ അത് നിരസിച്ചു. മാർച്ച് അവസാനത്തോടെ, സിസിലി ദ്വീപിലെ യുഎസ് സൈനിക താവളത്തിൽ വിമാനങ്ങൾ ഇറക്കാനുള്ള അമേരിക്കയുടെ അഭ്യർത്ഥനയും ഇറ്റലി തള്ളി.

ഇസ്രായേലുമായുള്ള പ്രതിരോധ കരാർ താൽക്കാലികമായി നിർത്തിവെക്കാനുള്ള മെലോണിയുടെ തീരുമാനവും വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചു. ട്രംപിന്റെ പ്രവചനാതീതമായ ഇത്തരം നിലപാടുകൾ കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്രബന്ധം ഇപ്പോൾ ഏറെ ദുർബലമായിരിക്കുകയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories