അമേരിക്കയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് ലബനനിലെ സൈനിക ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ ഔദ്യോഗികമായി നിലവിൽ വന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ വിശ്വസ്ത പങ്കാളി അമേരിക്കയാണെന്നും ലബനനിലെ ആക്രമണം അടിയന്തരമായി നിർത്തണമെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പിൻവാങ്ങൽ.
തുടർച്ചയായ ഇസ്രയേൽ ആക്രമണങ്ങൾ മേഖലയിലെ യു.എസ് - ഇറാൻ നയതന്ത്ര ചർച്ചകളെ പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തിലാണ് അമേരിക്ക അടിയന്തരമായി ഇടപെട്ടത്. വെടിനിർത്തലിന് പിന്നാലെ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള ഇസ്രയേൽ - ലബനൻ ചർച്ചകൾ അടുത്തയാഴ്ച വാഷിംഗ്ടണിൽ നടക്കുമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഇറാനും യു.എസിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, യു.എസ് - ഇറാൻ ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനായുള്ള നിർണായക നീക്കങ്ങൾ സ്വിറ്റ്സർലൻഡിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും സ്വിറ്റ്സർലൻഡിലേക്ക് തിരിക്കും. പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സ്വിറ്റ്സർലൻഡിൽ ചർച്ചകൾ നടക്കുന്നത്. ചർച്ചകളുടെ ഭാഗമാകാൻ ഖത്തർ പ്രധാനമന്ത്രിയും സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ട്. ഇറാനുമായി ആണവ കാര്യങ്ങളിൽ പുതിയ ധാരണയിലെത്താൻ ചർച്ചകളിലൂടെ സാധിക്കുമെന്നാണ് യു.എസിന്റെ വിലയിരുത്തൽ.