ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ നിന്നുള്ള നാവികരുടെ ഒഴിപ്പിക്കൽ ദൗത്യം നിർത്തിവെച്ചതായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു. മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്നാണ് ഈ തീരുമാനം.
അതേസമയം, തങ്ങൾ നിശ്ചയിച്ചു നൽകിയിട്ടുള്ള പ്രത്യേക റൂട്ടുകളിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്ന് ഇറാൻ കർശന മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്ക് സുരക്ഷാ ഗ്യാരണ്ടി നൽകാൻ സാധിക്കില്ലെന്നും നിയമം പാലിക്കാത്ത കപ്പലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ-അമേരിക്ക ധാരണയ്ക്ക് ശേഷം മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ ആക്രമണമാണിത്.
ഒമാൻ തീരത്തുവെച്ച് അജ്ഞാത വസ്തു ഉപയോഗിച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചു. ഇറാനുമായി യാതൊരു കൂടിയാലോചനയും നടത്താതെ ഒമാൻ പ്രഖ്യാപിച്ച പുതിയ കപ്പൽപാത അംഗീകരിക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ആക്രമണവും സുരക്ഷാ ഭീഷണിയും ഉയർന്നിരിക്കുന്നത്.