ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ഇറാനിലെ സിരിക്, ഖേശാം ദ്വീപുകളിലെ സൈനിക കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായ സാഹചര്യത്തിൽ ഇറാനെ പൂർണ്ണമായി ഇല്ലാതാക്കുമെന്ന ശക്തമായ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ വെച്ച് പനാമ രജിസ്ട്രേഷനുള്ള വാണിജ്യക്കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായാണ് തങ്ങളുടെ നടപടിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ട്രംപിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് വ്യോമസേനയും നാവികസേനയും സംയുക്തമായി ഈ ആക്രമണം നടത്തിയത്. ഇതിന് പ്രതികാരമായി ഗൾഫ് മേഖലയിലുള്ള കുവൈത്തിലേക്കും ബഹ്‌റൈനിലേക്കും ഇറാനും വ്യോമാക്രമണം നടത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ.
അമേരിക്ക തുടങ്ങി വെച്ച സൈനിക ദൗത്യം പൂർത്തിയാക്കാൻ തീരുമാനിച്ചാൽ ഇറാൻ എന്ന രാജ്യം തന്നെ ഭൂമുഖത്ത് അവശേഷിക്കില്ലെന്നാണ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയത്. അതേസമയം, പശ്ചിമേഷ്യൻ മേഖലയിലെ കടുത്ത സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനായുള്ള സമാധാന ചർച്ചകൾ വരുന്ന തിങ്കളാഴ്ച പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.