ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഓണനാളുകളിൽ സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ബംഗാൾ ഉൾക്കടലിലും ഒഡീഷ–ആന്ധ്രാ തീരത്തിന് മുകളിലുമായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഉത്രാടം, തിരുവോണം നാളുകൾ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഭാഗമായി ഇന്ന് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ നാല് ജില്ലകളിൽ മഞ്ഞ (യെല്ലോ) മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും മറ്റന്നാൾ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
ചെറിയ വള്ളങ്ങളും ബോട്ടുകളും ഒരു കാരണവശാലും കടലിൽ ഇറക്കരുതെന്നും മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായി ഒഴിവാക്കണം. കടലാക്രമണ സാധ്യതയുള്ള അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാനും നിർദേശമുണ്ട്.