Share this Article
News Malayalam 24x7
യുവാവിന്റെ ജനനേന്ദ്രിയം തകര്‍ത്തതില്‍ പൊലീസിനെതിരെ കൂടുതല്‍ തെളിവുകള്‍
Adoor Police Assault Allegations

 പോക്സോ കേസ് പ്രതിയായ അനുജനെ പിടികൂടാൻ കഴിയാത്തതിനെ തുടർന്ന് ജ്യേഷ്ഠനായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ ശാസ്താംകോട്ട പൊലീസിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. മർദ്ദനത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് സാരമായി പരിക്കേൽക്കുകയും ദേഹമാസകലം അടിയേറ്റ് ചതഞ്ഞ പാടുകൾ ഉണ്ടാവുകയും ചെയ്തതിന്റെ ചിത്രങ്ങളും ചികിത്സാ രേഖകളുമാണ് ഇപ്പോൾ പുറത്തുവന്നത്. സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

കഴിഞ്ഞ മെയ് 26-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അടൂർ സ്വദേശിയായ അനുജനെതിരെയുള്ള പോക്സോ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ശാസ്താംകോട്ട പൊലീസ് അടൂരിലെ വീട്ടിലെത്തിയത്. എന്നാൽ അനുജൻ സ്ഥലത്തില്ലാത്തതിനെ തുടർന്ന് ഇയാൾ എവിടെയാണെന്ന് ചോദിച്ചറിഞ്ഞ് ജ്യേഷ്ഠനെ പൊലീസ് ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വഴിനീളെയും കസ്റ്റഡിയിലും വെച്ച് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.


പൊലീസ് ഭയം കാരണം മാസങ്ങളോളം സംഭവം പുറത്തുപറയാതിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ച് പരാതി നൽകിയത്. മർദ്ദനമേറ്റതിന്റെ ദൃശ്യങ്ങളും മെഡിക്കൽ രേഖകളും യുവാവ് നേരിട്ട് അതോറിറ്റി ജഡ്ജിക്ക് മുന്നിൽ ഹാജരാക്കി. കേസിന്റെ ഹിയറിംഗ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ ശാസ്താംകോട്ട ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിട്ടും തെളിവുകൾ ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. മാധ്യമങ്ങളിലൂടെ വിവരം പുറത്തുവന്നതോടെയാണ് കൊല്ലം റൂറൽ എസ്.പി അടിയന്തരമായി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories