ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ സസ്‌പെന്‍ഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. അശോക് കുമാര്‍ മുന്‍പും അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായി വിവരങ്ങള്‍. ലഹരിക്കേസിലെ പ്രതിയെ ഒഴിവാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിന്റെ അമ്മയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് ലഭിച്ചിരുന്ന മുഖ്യമന്ത്രിയുടെ മെഡല്‍ മുന്‍പ് തിരിച്ചുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ, ഈ വര്‍ഷം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മെഡല്‍ പട്ടികയില്‍ മറ്റ് ചില കളങ്കിത ഉദ്യോഗസ്ഥരും കടന്നുകൂടിയതായാണ് റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ പ്രതികളായ ജോയിന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ മെഡല്‍ പട്ടികയിലുണ്ട്. ലഹരിക്ക് അടിമയായ കുട്ടിയുടെ അമ്മയോട് മോശമായി പെരുമാറിയതിന് വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥനും തൊണ്ടിമുതല്‍ മറിച്ചുവിറ്റ കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനുമാണ് ഇത്തവണത്തെ മെഡല്‍ പട്ടികയില്‍ ഇടം നേടിയത്.