Share this Article
News Malayalam 24x7
‘ആചാരലംഘനത്തിന് കൂട്ടുനിന്നു, പാളി കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദംനൽകി’,'ഗൂഢാലോചനയിൽ പങ്കാളിയായി; തന്ത്രി 14 ദിവസം റിമാൻഡിൽ
വെബ് ടീം
posted on 09-01-2026
1 min read
TANTRI

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ദേവസ്വം ബോർഡ് കട്ടിള കൊണ്ടുപോകുമ്പോൾ തന്ത്രി എന്ന നിലയിൽ തനിക്ക് തടയാൻ കഴിഞ്ഞില്ല ശബരിമലയിൽ ആചാര ലംഘനം നടത്തിയിട്ടില്ലെന്നും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.

തന്ത്രിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് മജിസ്‌ട്രറ്റിന് മുൻപാകെ അഭിഭാഷകൻ വ്യക്തമാക്കി.ജഡ്ജിയുടെ ക്വാര്‍ട്ടേഴ്സിലാണ് തന്ത്രി രാജീവരെ എത്തിച്ചത്. തുടര്‍ന്ന് കോടതി തന്ത്രിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ആചാരലംഘനത്തിന് കൂട്ടുനിന്നതായി എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരത്തേതന്നെ ബന്ധമുണ്ടായിരുന്നതായും ആ ബന്ധം ഉപയോഗിച്ചാണ് സ്വർണപാളികൾ കൊണ്ടുപോകാൻ തന്ത്രി അനുമതി നൽകിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു. പോറ്റിക്ക് കട്ടിളപ്പാളികൾ കൊണ്ടുപോകാനായി തന്ത്രി ഒത്താശചെയ്തു. താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയത്. ദേവന്റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.ദേവസ്വം ബോർഡ് സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറിയപ്പോൾ തന്ത്രി അത് തടയാൻ തയ്യാറായില്ല. പകരം, പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും എസ്‌ഐടി പറയുന്നു. അതേസമയം, ഏതെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല.കേസിൽ 13-ാം പ്രതിയാണ് തന്ത്രി കണ്ഠരര് രാജീവര്. ഇന്ന് രാവിലെയാണ് തന്ത്രിയെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കസ്റ്റഡിയിലെടുക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories