കോട്ടയം: 74കാരനായ യേശുദാസന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ചെങ്ങന്നൂർ സ്വദേശിയായ യേശുദാസന്റെ (74) മൃതദേഹമാണ് കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. പുലിയൂർ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കല്ലറയാണ് തുറന്നത്. യേശുദാസന് ഒരു മകനും ഒരു മകളുമാണുള്ളത്. മകൻ 2017ൽ മരിച്ചിരുന്നു. മകൾ യുകെയിലാണ്. പിതാവിന്റെ മരണത്തിൽ യുകെയിലുള്ള മകൾക്കും പരാതിയുണ്ടെന്നാണ് മരുമകളായ ലീന മാദ്ധ്യമങ്ങളോട് പറഞ്ഞത്. തുടർന്നാണ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയതെന്നും ഇവർ വ്യക്തമാക്കി.
യേശുദാസന്റെ സഹോദരൻ ഗബ്രിയേൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്. മരണസമയത്ത് യേശുദാസൻ ഛർദിച്ച് അവശനിലയിലായിരുന്നുവെന്നും ശരീരം കടുംനീല നിറത്തിലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. മാത്രമല്ല, യേശുദാസനെ ആശുപത്രിയിൽ കൊണ്ടുപോയ കാര്യം തന്നെയോ വിദേശത്തുള്ള മകളെയോ മറ്റ് ബന്ധുക്കളെയോ അറിയിച്ചില്ലെന്നും ലീന പറഞ്ഞു.യേശുദാസന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഗബ്രിയേലിന്റെ പേരിലാക്കി ആധാരം രജിസ്റ്റർ ചെയ്‌ത് 90 ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ലീന ആരോപിച്ചു. മരണത്തിന് പിന്നാലെ ഗബ്രിയേൽ തങ്ങളെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും ഒരു ആധാരത്തിൽ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതെന്നും ഇവർ പറയുന്നു. വീട്ടുജോലിക്കാരി ഉണ്ടാക്കിയ കേക്ക് കഴിച്ചശേഷമാണ് യേശുദാസൻ അവശനിലയിലായതെന്നും മരുമകൾ ആരോപിച്ചു. വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതെന്ന് സംശയമുണ്ടെന്നും ഇവർ പറയുന്നു.
അതേ സമയം യേശുദാസന്റെ ദുരൂഹമരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അയൽക്കാരി ഉദയകുമാരി. സഹോദരൻ ഗബ്രിയേലിനെ വീട്ടിൽ കയറ്റരുതെന്ന് യേശുദാസൻ പറഞ്ഞിരുന്നതായി അയൽക്കാരി വെളിപ്പെടുത്തുന്നു. അവനെ വീട്ടിൽ കയറ്റരുത്, എന്നെ കൊല്ലും എന്നാണ് പറഞ്ഞത്. സ്വത്തെല്ലാം കൊച്ചുമക്കൾക്കുള്ളതാണ് എന്നും യേശുദാസൻ പറഞ്ഞിരുന്നു. മരിക്കുന്നതിന് മൂന്നുമാസം മുൻപാണ് യേശുദാസിന്റെ സ്വത്തുക്കൾ സഹോദരൻ ഗബ്രിയേലിന്റെ പേരിലാക്കിയത്. അയൽ വീട്ടിലെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഗബ്രിയേൽ അയൽക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ അയൽവീട്ടിൽ നിന്നു കാഴ്ച മറയ്ക്കും വിധം മതിൽ നിർമിച്ചു. യേശുദാസും ഗബ്രിയേലും അകൽച്ചയിൽ ആയിരുന്നുവെന്നും അയൽക്കാരി വ്യക്തമാക്കുന്നു.
കഴിഞ്ഞ മാർച്ച് 20നാണ് യേശുദാസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യേശുദാസിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി രാസ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. യേശുദാസ് മരിച്ച ദിവസം ആശുപത്രിയിൽ കൊണ്ടുപോകുന്നതിനടക്കം ആരെയും ഗബ്രിയേൽ അടുപ്പിച്ചില്ലെന്നും അയൽക്കാരി പറഞ്ഞു.