കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നടത്തിയ ഹർത്താലിനെതിരെ ഹൈക്കോടതി കർശന നിലപാടെടുത്തു. ഹർത്താലിനോടനുബന്ധിച്ചുണ്ടായ അതിക്രമങ്ങളിൽ സ്വമേധയാ കേസെടുത്ത കോടതി, ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്.
ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങൾ, അക്രമസംഭവങ്ങൾ, മുൻകരുതൽ നടപടികൾ എന്നിവ സംബന്ധിച്ച് ഇന്ന് വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകി. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് കോടതിയുടെ ഈ നീക്കം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ അതിക്രമം കാട്ടിയതായി കോടതി നിരീക്ഷിച്ചു. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെ ഉണ്ടായ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കിൽ വിഐടി എൻട്രൻസ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ കുടുങ്ങിയത് ഗൗരവകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആശുപത്രികളിലേക്ക് പോകേണ്ട വാഹനങ്ങൾ തടഞ്ഞതും പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലും തമ്പാനൂരിലും പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.