ഇടുക്കിയിൽ 21 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. കാമാക്ഷിപുരം സ്വദേശി സുബ്രഹ്മണ്യനാണ് തമിഴ്‌നാട്ടിലെ ഓടപ്പട്ടിയിൽ നിന്ന് ഇടുക്കി പൊലീസിന്റെ പിടിയിലായത്.
2005 നവംബർ പത്തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇടുക്കി വാഴത്തോപ്പ് പേപ്പാര ഭാഗത്തുള്ള വീടിനോട് ചേർന്ന കടമുറിയിൽ സുബ്രഹ്മണ്യനും മറ്റ് മൂന്ന് കൂട്ടാളികളും ചേർന്ന് അതിക്രമിച്ചു കയറുകയും കടയുടമയെ ഭീഷണിപ്പെടുത്തി കുത്തിപ്പരിക്കേൽപ്പിച്ച് കവർച്ചയ്ക്ക് ശ്രമിക്കുകയുമായിരുന്നു. തുടർന്ന് തടയാൻ ശ്രമിച്ച കടയുടമയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇടുക്കി പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പിടികൂടിയത്. തമിഴ്‌നാട് ഓടപ്പട്ടി പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.