പന്തീരാങ്കാവിൽ പത്തൊൻപതുകാരനായ വിദ്യാർത്ഥിയെ വീടിനുള്ളിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് പാറക്കുളം സ്വദേശി കാർത്തിക് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ വീടിന്റെ കിടപ്പുമുറിയിലാണ് കാർത്തികിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. എ.ഡബ്ല്യു.എസിലെ (AWS) വിദ്യാർത്ഥിയാണ് കാർത്തിക്.
വീട്ടിൽ വെച്ച് ഷൂട്ടിങ് പരിശീലനം നടത്തുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിയേറ്റ ഉടൻ തന്നെ കാർത്തികിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നതിനായി ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണങ്ങളിലേക്ക് പൊലീസ് കടന്നിരിക്കുകയാണ്.