Share this Article
News Malayalam 24x7
ഹരിപ്പാട് പ്രസവിച്ച ഉടൻ ജനാലയിലൂടെ എറിഞ്ഞ കുഞ്ഞ് സി.ഡബ്ല്യു.സി സംരക്ഷണത്തിലേക്ക്; അമ്മയ്ക്കെതിരെ വധശ്രമക്കേസ്
Alappuzha Abandoned Baby Under CWC Care

ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച നവജാതശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ഏറ്റെടുക്കും. കുഞ്ഞിനെ തനിക്ക് ആവശ്യമില്ലെന്ന് യുവതി സി.ഡബ്ല്യു.സി.യെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി.

നിലവിൽ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് മുലപ്പാൽ നൽകാൻ അമ്മ തയ്യാറാകുന്നില്ലെന്നാണ് വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രത്യേക വാർഡുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സി.ഡബ്ല്യു.സി അധികൃതർ വ്യക്തമാക്കി.


യുവതി നാളെ ആശുപത്രി വിടുന്നതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കുഞ്ഞിനെ ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമസമിതിക്ക് കൈമാറും. തുടർന്ന് കുഞ്ഞിനെ ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റാനാണ് തീരുമാനം. നിയമപ്രകാരം രണ്ട് മാസം വരെ കുഞ്ഞിനെ ശിശുവിഹാറിൽ സംരക്ഷിക്കും. ഈ കാലയളവിനുള്ളിൽ കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് മനംമാറ്റമുണ്ടായാൽ കുട്ടിയെ വിട്ടുകൊടുക്കുന്നത് പരിഗണിക്കും. എന്നാൽ ഇതിന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കൂടി അനുകൂലമായിരിക്കണം.


അതേസമയം, നവജാതശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. നിലവിൽ ആശുപത്രിയിലായതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. ആശുപത്രി വിട്ടാലുടൻ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories