Share this Article
News Malayalam 24x7
അമ്മയും കുഞ്ഞും വീട്ടിൽ മരിച്ച നിലയിൽ
Mother and Son Found Dead Inside House in Thrissur

പേരാമംഗലം അമ്പലക്കാവിൽ അമ്മയെയും അഞ്ചു വയസ്സുകാരനായ മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലക്കാവ് ടീച്ചേഴ്സ് ലെയ്‌നിൽ താമസിക്കുന്ന ശിൽപ (30), മകൻ അക്ഷയ്ജിത്ത് (5) എന്നിവരാണ് മരണപ്പെട്ടത്. മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: കിടപ്പുമുറിയിൽ ശിൽപയെ തൂങ്ങിമരിച്ച നിലയിലും മകൻ അക്ഷയ്ജിത്തിനെ കട്ടിലിൽ കമഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ കയർ മുറുകിയതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യമാണ് കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്തതാകാം എന്ന സംശയത്തിന് കാരണം.


കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് കരുതപ്പെടുന്നത്. ശിൽപയുടെ ഭർത്താവിന് പനിയായതിനാൽ അദ്ദേഹം മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. ഭർത്താവും അദ്ദേഹത്തിന്റെ പിതാവും ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു.


രാവിലെ ഏറെ വൈകിയും ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും, എല്ലാവരും ചേർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.


പേരാമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളോ മറ്റ് കാരണങ്ങളോ ഉണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തമായ സ്ഥിരീകരണം ഉണ്ടാകൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories