Share this Article
News Malayalam 24x7
ആധാറിന് ഇനി മലയാളി മുഖം; ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്ത് ചാലക്കുടി സ്വദേശി
Chalakudy Native Arun Gogul Designs Official Mascot for Aadhaar

ആധാറിന് ഇനി മലയാളി തിളക്കം. തൃശ്ശൂർ ചാലക്കുടി സ്വദേശിയായ അരുൺ ഗോഗുൽ രൂപകൽപ്പന ചെയ്ത ഭാഗ്യചിഹ്നമാണ് ആധാർ അതോറിറ്റി (UIDAI) ഔദ്യോഗികമായി സ്വീകരിച്ചത്. രാജ്യവ്യാപകമായി യുഐഡിഎഐ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അരുൺ ഈ വലിയ നേട്ടം കൈവരിച്ചത്.

യുഐഡിഎഐ എന്ന പേരുമായി ചേർന്നുനിൽക്കുന്ന രീതിയിൽ 'ഉദയ്' (UDAY) എന്നാണ് ഭാഗ്യചിഹ്നത്തിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ് മിശ്രയാണ് ചിഹ്നം അനാവരണം ചെയ്തത്. ഇനി മുതൽ ആധാറുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക അറിയിപ്പുകളിലും പരസ്യങ്ങളിലും അരുൺ രൂപകൽപ്പന ചെയ്ത ഈ ചിഹ്നമായിരിക്കും ഉപയോഗിക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 875 എൻട്രികളിൽ നിന്നാണ് അരുണിന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടത്.

വളരെ അപ്രതീക്ഷിതമായാണ് അരുൺ ഈ മത്സരത്തിൽ പങ്കെടുത്തത്. തൃശ്ശൂരിലുള്ള ഒരു സുഹൃത്ത് മുഖേനയാണ് മത്സരത്തെക്കുറിച്ച് അറിയുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ 30-നാണ് അരുൺ തന്റെ എൻട്രി സമർപ്പിച്ചത്. ഏതാനും മണിക്കൂറുകൾ മാത്രം ചിലവഴിച്ചാണ് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ സ്വീകാര്യമാകുന്ന, ലളിതമായ ഒരു പുഞ്ചിരിക്കുന്ന മുഖമുള്ള ഈ എംബ്ലം തയ്യാറാക്കിയത്. ഇത്ര വലിയൊരു അംഗീകാരം ലഭിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് അരുൺ പറയുന്നു.

ചാലക്കുടി തൈവളപ്പിൽ സ്വദേശിയായ അരുൺ ഗോഗുൽ നിലവിൽ എറണാകുളത്തെ ഒരു ലോജിസ്റ്റിക്സ് സ്ഥാപനത്തിൽ ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്തുവരികയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories