Share this Article
News Malayalam 24x7
വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; പ്രതിഷേധം ശക്തം
Thrissur Vadanappally Kit Controversy

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിറ്റ് വിവാദം പുകയുന്നു. വാടാനപ്പള്ളിയിലെ ഒരു ഗോഡൗണിൽ വിതരണത്തിനായി തയ്യാറാക്കി വെച്ച 1500-ലധികം കിറ്റുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്. വോട്ടർമാരെ സ്വാധീനിക്കാനായി ബിജെപി പ്രവർത്തകർ കിറ്റുകൾ വിതരണം ചെയ്യുന്നു എന്നാരോപിച്ച് യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

മണലൂർ നിയോജക മണ്ഡലത്തിൽപ്പെട്ട ആത്മാവ് ജങ്ഷനിലെ 'ചാംപ്യൻ ട്രേഡേഴ്സ്' എന്ന ഗോഡൗണിന് മുന്നിലാണ് പ്രതിഷേധം നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സ്ഥലത്തെത്തി. കിറ്റുകൾക്ക് പുറമെ വോട്ടർമാർക്കായി സാരികൾ വിതരണം ചെയ്തതായും നേതാക്കൾ ആരോപിച്ചു. ബിജെപി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ പ്രദേശത്ത് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പോലീസെത്തിയാണ് സാഹചര്യം ശാന്തമാക്കിയത്.


സംഭവത്തിൽ സ്റ്റേറ്റ് ഇലക്ഷൻ ഓഫീസർക്കും മണലൂർ റിട്ടേണിങ് ഓഫീസർക്കും യുഡിഎഫ് പരാതി നൽകി. കഴിഞ്ഞ ദിവസം ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് സമാനമായ രീതിയിൽ കിറ്റുകൾ പിടിച്ചെടുക്കുകയും ബിജെപി പ്രവർത്തകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഉത്തര ഇന്ത്യയിലെ കിറ്റ് രാഷ്ട്രീയം കേരളത്തിൽ പയറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടി.എൻ. പ്രതാപൻ കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories