Share this Article
News Malayalam 24x7
തൃശൂർ പൂരാവേശത്തിന് തുടക്കം; പാറമേക്കാവ് വിഭാഗം മണികണ്ഠനാൽ പന്തലിന് കാൽ നാട്ടി
Thrissur Pooram

ലോകപ്രശസ്തമായ തൃശൂർ പൂരത്തിന്റെ ആവേശം നഗരത്തിലേക്ക് പടരുന്നു. പൂരത്തിന് മുന്നോടിയായി പാറമേക്കാവ് വിഭാഗത്തിന്റെ പന്തൽക്കാൽ നാട്ടൽ ചടങ്ങ് മണികണ്ഠനാലിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. പാറമേക്കാവ് മേൽശാന്തി കാരക്കാട് രാമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഭൂമിപൂജയോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ, സെക്രട്ടറി ജി. രാജേഷ്, ദേവസ്വം ബോർഡ് അംഗങ്ങൾ, തട്ടകക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും തൃശൂരിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു.


എടപ്പാൾ നാദം സൗണ്ട് ഇലക്ട്രിക്കൽസ് ഉടമ സി. ബൈജുവിന്റെ നേതൃത്വത്തിലാണ് പന്തൽ നിർമ്മാണം നടക്കുന്നത്. തുടർച്ചയായ അഞ്ചാം വർഷമാണ് ബൈജു പാറമേക്കാവിനായി പന്തലൊരുക്കുന്നത്. 100 അടി ഉയരത്തിൽ നാല് നിലകളിലായി ക്ഷേത്ര മാതൃകയിലാണ് ഇത്തവണത്തെ പന്തൽ സജ്ജീകരിക്കുന്നത്.


ഏപ്രിൽ 20-ാം തീയതിയാണ് പൂരത്തിന്റെ കൊടിയേറ്റം നടക്കുക. പൂരപ്രേമികൾ ഏറെ കാത്തിരിക്കുന്ന സാമ്പിൾ വെടിക്കെട്ട് 24-ന് അരങ്ങേറും. ഏപ്രിൽ 26-നാണ് തൃശൂർ പൂരം. പന്തൽക്കാൽ നാട്ടിയതോടെ പൂരനഗരിയിൽ ഇനി ആവേശത്തിന്റെ ദിനങ്ങളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories