നിയമസഭാ തിരഞ്ഞെടുപ്പിനിടെ തൃശൂർ കൂർക്കഞ്ചേരിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. വോട്ട് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് യുവതിക്ക് തന്റെ കൊച്ചു കുഞ്ഞുമായി മണിക്കൂറുകളോളം പോളിങ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി. സംഭവത്തിൽ തൃശൂർ ജില്ലാ കളക്ടറോട് ബാലാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.
കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ പോളിങ് ബൂത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കൂർക്കഞ്ചേരി സ്വദേശിയായ അക്ഷയയ്ക്കാണ് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിച്ചത്. മിക്സിയിൽ വിരൽ കുടുങ്ങി പരിക്കേറ്റ അക്ഷയയുടെ ഇടതുകൈയിലെ വിരലിൽ 15 സ്റ്റിച്ചുകളുണ്ടായിരുന്നു. പരിക്കേറ്റ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്.
ഉച്ചയ്ക്ക് ഒന്നര മുതൽ അക്ഷയ കുഞ്ഞുമായി ബൂത്തിൽ കാത്തിരുന്നു. വോട്ട് നിഷേധിച്ചതിനെത്തുടർന്ന് അവിടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു. ഒടുവിൽ മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ യുവതിയിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷമാണ് വോട്ട് ചെയ്യാൻ അധികൃതർ അനുവദിച്ചത്. പ്രിസൈഡിങ് ഓഫീസറുടെ നടപടിക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടിരിക്കുന്നത്.