Share this Article
News Malayalam 24x7
വി.ഡി. സതീശൻ പറഞ്ഞ വിസ്മയങ്ങളിൽ ഒന്നിതോ? ഹാട്രിക് MLA, ബാലകൃഷ്ണ പിള്ളയ്ക്ക് കാലിടറിയ കൊട്ടാരക്കരയുടെ അയിഷാ പോറ്റി
വെബ് ടീം
posted on 13-01-2026
1 min read
aisha potti

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിൽ ഒന്നിതാണോ. എൽഡിഎഫിൽനിന്നും എൻഡിഎയിൽനിന്നും കക്ഷികളും അല്ലാത്തവരും യുഡിഎഫിലേക്ക് വരും. അത് ആരൊക്കെയാണെന്ന് ചോദിക്കരുത്, സമയമാകുമ്പോൾ അറിയിക്കും. വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ വിസ്മയം കാണാമെന്നും സതീശൻ പറഞ്ഞിരുന്നു.ഇതിനുപിന്നാലെയാണ് അയിഷാ പോറ്റി കോൺഗ്രസിലെത്തിയത്.സിപിഐഎമ്മിന്റെ മുൻ എംഎൽഎ കോൺഗ്രസിലെത്തിയിരിക്കുന്നു.

ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അയിഷാ പോറ്റിയെ കോൺഗ്രസിലേക്ക് സ്വീകരിച്ചത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അയിഷാ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് വിവരം.2006-ൽ കരുത്തനായ ആർ. ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ച് എംഎൽഎയായതോടെയാണ് സിപിഐഎം വനിതാ നേതാവായ അയിഷാ പോറ്റി സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത്.

1977 മുതൽ 2001 വരെ തുടർച്ചയായി വിജയിച്ച കൊട്ടാരക്കരയിൽ 2006-ൽ അയിഷാ പോറ്റിക്ക് മുന്നിൽ ബാലകൃഷ്ണപിള്ളയ്ക്ക് കാലിടറി. 2006-ലെ ഇടതുതരംഗത്തിനൊപ്പം കൊട്ടാരക്കരയും പിടിച്ചടക്കി സിപിഐഎം അയിഷാ പോറ്റിയിലൂടെ കരുത്തുകാട്ടി.2011-ൽ കേരള കോൺഗ്രസ് ബിയിലെ എൻ.എം. മുരളിയെ പരാജയപ്പെടുത്തി അയിഷാ പോറ്റി വീണ്ടും നിയമസഭയിലെത്തി. 2016-ൽ കോൺഗ്രസിലെ സവിൻ സത്യനായിരുന്നു അയിഷാ പോറ്റിയുടെ എതിരാളി. എന്നാൽ, 2011-ലെ ഭൂരിപക്ഷം ഇരട്ടിയാക്കി, 42,632 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അയിഷാ പോറ്റി കൊട്ടാരക്കരയിൽ ഹാട്രിക് തികച്ചു. 2021-ൽ അയിഷാ പോറ്റി മത്സരരംഗത്തുണ്ടായിരുന്നില്ല. പകരം കെ.എൻ. ബാലഗോപാലായിരുന്നു കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി. 10,814 വോട്ടിന് കെ.എൻ. ബാലഗോപാൽ മണ്ഡലം ഇടതിനായി നിലനിർത്തി.

2024-ഓടെയാണ് അയിഷാ പോറ്റി സിപിഐഎമ്മുമായി പ്രത്യക്ഷത്തിൽ അകന്നത്. 2021-ലെ തെരഞ്ഞെടുപ്പിന് ശേഷം അയിഷാ പോറ്റിയോട് പാർട്ടി അവഗണന കാട്ടുന്നതായി ആക്ഷേപങ്ങളുണ്ടായിരുന്നു. മൂന്നുതവണ എംഎൽഎയായ അയിഷാ പോറ്റിയെ വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്തേക്കടക്കം പരിഗണിക്കുമെന്ന പ്രചാരണമുണ്ടായെങ്കിലും അതുണ്ടായില്ല. 2024-ൽ സിപിഐഎം കൊട്ടാരക്കര ഏരിയാ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന അയിഷാ പോറ്റിയെ ഏരിയാ കമ്മിറ്റിയിൽനിന്ന് പുറത്താക്കിയിരുന്നു. ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കി. തൊട്ടുപിന്നാലെ ആരോഗ്യ കാരണം കൊണ്ട്  സജീവ രാഷ്ട്രീയം വിടുകയാണെന്ന് അയിഷാ പോറ്റി അറിയിച്ചു.

2025 ഓഗസ്റ്റിൽ വാക്കനാട് ഗവ. എച്ച്.എസ്.എസിലെ ഉദ്ഘാടനച്ചടങ്ങിൽ അയിഷാ പോറ്റിയെ ഉൾപ്പെടുത്തിയെങ്കിലും ഇവർ ചടങ്ങിൽ പങ്കെടുത്തില്ല. മന്ത്രി ബാലഗോപാലായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകൻ. എന്നാൽ, ഉദ്ഘാടനത്തിന് തലേദിവസം സ്‌കൂൾ സന്ദർശിച്ച്, ഉദ്ഘാടനച്ചടങ്ങളിൽനിന്ന് അയിഷാ പോറ്റി ഒഴിവായത് വലിയ ചർച്ചയായി.67-കാരിയായ അയിഷാ പോറ്റി ഓൾഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ ദേശീയ കൗൺസിൽ അംഗവും കേരളത്തിലെ ട്രഷററുമായിരുന്നു.

തിരുവനന്തപുരം ലോ കോളേജിലായിരുന്നു പഠനം. എൽഎൽഎം ബിരുദധാരിയാണ്. ഇ. ശങ്കരൻ പോറ്റിയാണ് ഭർത്താവ്. രശ്മി ശങ്കർ, സൂരജ് ശങ്കർ എന്നിവർ മക്കൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article