ന്യൂഡൽഹി: വിജയ്യുടെ വിടവാങ്ങൽ ചിത്രമെന്ന വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട സെൻസറിങ്ങ് വിവാദത്തിൽ നടനും ടിവികെ നേതാവുമായ വിജയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല. വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് തടഞ്ഞിരിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.‘ജനനായകനെ തടയാനുള്ള വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രമം തമിഴ് സംസ്കാരത്തിനെതിരായുള്ള ആക്രമണമാണ്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം വിജയിക്കില്ല’, രാഹുൽ എക്സിൽ കുറിച്ചു.രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്നാണ് 'ജനനായകൻ' വിശേഷിപ്പിക്കപ്പെടുന്നത്. വെള്ളിയാഴ്ചയായിരുന്നു ചിത്രം തിയേറ്ററിലെത്തേണ്ടിയിരുന്നത്. സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിന് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.ഹർജി ഇനി പൊങ്കൽ അവധിക്കുശേഷം 21-ന് മാത്രമേ പരിഗണിക്കുകയുള്ളൂ. നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പൊങ്കലിന് മുമ്പ് റിലീസ് ചെയ്യാനായില്ല.