തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കെതിരായ പരാമർശത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശിവൻകുട്ടിയെ അവൻ, ഇവൻ എന്നൊന്നും വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്നും, പതിവിൽ നിന്ന് കുറച്ചു കടത്തി പറഞ്ഞു, സഭ അലങ്കോലമാക്കിയ ആൾ ഉപദേശിക്കാൻ വരേണ്ടെന്നാണ് പറഞ്ഞതെന്നും സതീശൻ പറഞ്ഞു. സോണിയ ഗാന്ധിയെ കുറിച്ച് ശിവൻകുട്ടി നടത്തിയ പ്രസ്താവന ഞങ്ങളെ വളരെയധികം വേദനിപ്പിച്ചു, ഹീനമായ ആ പ്രസ്താവന പിൻവലിച്ചാൽ, ശിവൻകുട്ടിയെ കുറിച്ചുള്ള തൻ്റെ പരാമർശവും മുൻകാല പ്രാബല്യത്തോടെ പിൻവലിക്കാമെന്ന് സതീശൻ വ്യക്തമാക്കി.കഴിഞ്ഞ ദിവസം സഭയിൽ വച്ച് ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി. ശിവൻകുട്ടി പറഞ്ഞിരുന്നു. ശിവൻകുട്ടിയുടെ ഈ പരാമർശത്തെ കുറിച്ച് നടത്തിയ പ്രതികരണത്തിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് പരാമർശം നടത്തിയത്. "ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ" എന്നായിരുന്നു "സതീശൻ പറഞ്ഞത്.ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിൻ്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. വിദ്യാഭ്യാസ മന്ത്രി പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു . ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ. നാവിൽ വരുന്നത് എല്ലാം പറയാൻ ആകുന്നില്ല സഹിക്കാൻ പറ്റാഞ്ഞിട്ട് പറഞ്ഞതാണ് ", എന്നും സതീശൻ പറഞ്ഞിരുന്നു.പ്രതിപക്ഷ നേതാവിൻ്റെ പരാമർശത്തിനെതിരെ വി.ജോയ് എംഎൽഎ അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു, പൊതുജനമധ്യത്തിൽ അവഹേളിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിനെതിരെ സ്പീക്കർക്ക് നോട്ടിസ് നൽകിയത്.