Share this Article
News Malayalam 24x7
'വിവാഹം ചെയ്തത് വേലക്കാരിയെ അല്ല, ഭാര്യ വീട്ടുജോലി ചെയ്യാത്തത് ക്രൂരതയായി കാണാനാവില്ല': സുപ്രീംകോടതി
വെബ് ടീം
2 hours 40 Minutes Ago
1 min read
sc

ന്യൂഡല്‍ഹി: ഭാര്യ വീട്ടുജോലികള്‍ ചെയ്യാത്തത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീംകോടതി. വിവാഹം കഴിക്കുന്നത് വീട്ടുജോലിക്കാരിയെ അല്ലെന്നും പങ്കാളിയെ ആണെന്നും കോടതി ഓര്‍മിപ്പിച്ചു. ഭാര്യ ഭക്ഷണം പാകംചെയ്യാന്‍ വിസമ്മതിച്ചുവെന്ന് പറഞ്ഞ് ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.നിങ്ങള്‍ വിവാഹം കഴിച്ചത് വീട്ടുജോലിക്കാരിയെ അല്ല, ജീവിത പങ്കാളിയെ ആണ്. പാചകം ചെയ്യുന്നതിലും വൃത്തിയാക്കുന്നതിലും നിങ്ങള്‍ക്കും പങ്കാളിയാവാം. ഇന്നത്തെ കാലം വേറെയാണ്. - സുപ്രീംകോടതി ഓര്‍മപ്പെടുത്തി. 2017ല്‍ വിവാഹം കഴിച്ച ദമ്പതികള്‍ക്ക് എട്ട് വയസുകാരനായ മകനുണ്ട്.ഭാര്യ ഭക്ഷണം പാകംചെയ്യുന്നില്ലെന്നും തന്നോടും മാതാപിതാക്കളോടും മോശമായി പെരുമാറിയെന്നും പറഞ്ഞാണ് യുവാവ് വിവാഹമോചനത്തിന് ഹർജി നൽകിയത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഭാര്യയുടെ മനോഭാവം മാറിയെന്നും തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തു. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്നും ആരോപിച്ചു.

എന്നാൽ, ഭർത്താവിന്റെ ആരോപണങ്ങളെ ഭാര്യ കോടതിയിൽ നിഷേധിച്ചു. ഭർത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും എന്നാൽ അവർ ചടങ്ങിൽ പങ്കെടുക്കാതെ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ വാദിച്ചു. കേസിൽ കുടുംബ കോടതി നേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories