ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് പ്രതിസന്ധി നേരിട്ടതോടെ പുതിയ നീക്കത്തിന് പെട്രോളിയം മന്ത്രാലയം. എൽപിജി സിലിണ്ടറുകളുടെ അളവ് കുറയ്ക്കാനാണ് നീക്കം.സിലിണ്ടറുകളിൽ 14.2 കിലോയ്ക്ക് പകരം 10 കിലോ പാചക വാതകം നിറയ്ക്കാനാണ് ആലോചന. ഗാർഹിക സിലിണ്ടറുകൾക്ക് മാത്രമാണ് തൂക്കം കുറയ്ക്കുന്നത്. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ പേർക്ക് എൽപിജി വിതരണം ചെയ്യാനാണിത്. സിലിണ്ടർ മാറില്ല, പക്ഷേ തൂക്കം കുറയും. ഇതിനനുസരിച്ച് വിലയും താഴും. 14.2 കിലോ വരുന്ന എൽപിജി സിലിണ്ടറുകളിൽ 10 കിലോ നിറച്ച് വിതരണത്തിനെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുവഴി കൂടുതൽ ആളുകൾക്ക് സിലിണ്ടർ നൽകാനാവുമെന്നതിനാലാണ് ഇത്തരമൊരു നടപടി.
14.2 കിലോയുടെ സിലിണ്ടർ ഒരു കുടുംബത്തിന് ശരാശരി 35 മുതൽ 40 ദിവസം വരെ ഉപയോഗിക്കാനവും. 10 കിലോ ആക്കുന്നതോടെ സിലിണ്ടറിന്‍റെ ഉപയോഗം ഒരു മാസത്തേക്ക് ചുരുങ്ങും. ഇത് നടപ്പിലാക്കിയാൽ സിലിണ്ടറിന് പുറത്ത് ഇതിന്‍റെ അളവ് ലേബൽ ചെയ്ത് വയ്ക്കുകയും വില കുറയ്ക്കുകയും ചെയ്യും. കമ്പനികൾ ബോട്ടിലിങ് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി നിയമപരമായ അനുമതികൾ വാങ്ങിയ ശേഷമാവും ഇത് നടപ്പാക്കുക.ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ട ഇടവേളകളും കൂടും.
കമ്പനികളുടെ കണക്ക് അനുസരിച്ച് ഒരു ഗാർഹിക ഉപയോക്താവിന് പ്രതിവർഷം ശരാശരി 8 മുതൽ 10 സിലിണ്ടറുകളാണ് ആവശ്യമായി വരുന്നത്. പുതിയ തീരുമാനത്തോടെ ഇത് 12ന് മുകളിലെത്തും. അതായത് ഒരു വർഷത്തിൽ കുറഞ്ഞത് മൂന്നിലേറെ തവണ അധികമായി ഗ്യാസ് ബുക്ക് ചെയ്യേണ്ടി വരും. കമ്പനികൾ വില കുറയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് ആനുപാതികമായിട്ട് ആകുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. അങ്ങനെയെങ്കിൽ കുടുംബ ബജറ്റിനെയും തീരുമാനം ബാധിക്കും. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ മറ്റു വഴികളില്ലെന്നാണ് കമ്പനികളുടെ വാദം. രാജ്യത്തിന് ആവശ്യമായി വരുന്ന എൽപിജിയുടെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 90 ശതമാനം വരുന്നത് പശ്ചിമേഷ്യയിൽ നിന്ന്. ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ഇതുവഴിയുള്ള പാചകവാതക വരവും നിലച്ചു. ഇന്ത്യയുടെ പ്രതിദിന എൽപിജി ഉപയോഗം 93,500 ടൺ ആണെന്നാണ് കണക്ക്.