Share this Article
News Malayalam 24x7
മോദിയെ ഫോണിൽ വിളിച്ച് ട്രംപ്; ചർച്ചയായത് ഹോർമുസ് കടലിടുക്ക്
വെബ് ടീം
posted on 24-03-2026
1 min read
TRUMP

ടെഹ്റാൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോൺ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുമാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ പ്രാധാന്യം ട്രംപ് മോദിയുമായി പങ്കുവച്ചു. ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്നും യുഎസ്- ഇസ്രയേൽ യുദ്ധം അവസാനിക്കാൻ സാധ്യതയുണ്ടെന്നുമുള്ള സൂചനകൾക്കിടയിലാണ് മോദിയുടെയും ട്രംപിന്റെയും സംഭാഷണം നടന്നത്. അതേ സമയം എൽപിജി ചരക്കുമായി ഇന്ത്യയുടെ മറ്റൊരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെയായിരുന്നു പൈൻ ഗ്യാസ് എന്ന എൽപിജി കപ്പലിന്റെ യാത്ര. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകൾ ഇറാനിലെ ലാറാക്, ക്വഷെം ദ്വീപുകൾ പിന്നിട്ടു. ഇരു കപ്പലുകളും തമ്മിൽ അടുത്ത അകലം പാലിച്ചാണ് കടലിടുക്ക് കടന്നത്. ഇന്ത്യൻ കപ്പലുകളാണെന്ന വിവരം പ്രക്ഷേപണം ചെയ്തുകൊണ്ടായിരുന്നു ഇവയുടെ യാത്ര. അതേ സമയം ഇറാന്റെ മേലുള്ള യുഎസിന്റെ ആക്രമണം തുടരുമെന്നും താൽക്കാലിക വെടിനിർത്തൽ ഊർജ കേന്ദ്രങ്ങൾക്കു മാത്രമാണ് ബാധകമെന്നും സെമഫർ മീഡിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങൾ, വ്യോമസേന, ബാലിസ്റ്റിക് മിസൈലുകൾ, ഡിഫൻസ് ഇൻഡസ്ട്രിയൽ ബേസ് എന്നിവയ്ക്ക് ഈ വെടിനിർത്തൽ ബാധകമല്ലെന്നും ഓപ്പറേഷൻ എപിക് ഫ്യൂറി തുടരുമെന്നും അവർ പറയുന്നു. അതേസമയം, ഈ വാർത്തകളോട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റും പെന്റഗണും പ്രതികരിക്കാൻ തയാറായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories