കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടാൻ എസ് ഐ ടി. കസ്റ്റഡി സമയത്ത് രഞ്ജിത്ത് അന്വേഷണത്തോട് സഹകരിച്ചില്ല എന്നാണ് എസ് ഐ ടി പറയുന്നത്. കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. രഞ്ജിത്തിനെ നാളെ കോടതിയിൽ ഹാജരാക്കും.
നേരത്തെ രഞ്ജിത്തിനെ മൂന്നുദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. ഞായറാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി. രഞ്ജിത്തിന്റെ സംവിധാനത്തിൽ പരാതിക്കാരി ഭാഗമായ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ആസ്പിൻവാളിലും അതിക്രമം നടന്നെന്ന് പറയപ്പെടുന്ന കാരവാനിലും തെളിവെടുപ്പ് നടത്തി. പ്രതിയുടെ ശാരീരികബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പിന്റെ തിരക്കും പരിഗണിച്ച് ഞായറാഴ്ച തന്നെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുനൽകി.