വയനാട്: മാനന്തവാടി മണ്ഡലത്തിലെ ചെറുകാട്ടൂരിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പോളിങ് ഓഫീസറെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് നീക്കി. മാനന്തവാടി ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയവരോട് താമരക്ക് വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ പ്രേരിപ്പിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി.വോട്ട് രേഖപ്പെടുത്താനായി ക്യൂവിൽ നിന്നിരുന്ന വോട്ടർമാരോടും ബൂത്തിനകത്തെത്തിയ പ്രായമായവരോടും താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉടൻ തന്നെ തെരഞ്ഞെടുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഇയാളെ സ്ഥാനത്തുനിന്ന് നീക്കി പകരം പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു.
അതേ സമയം പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യുപി സ്കൂളില്‍ യുഡിഎഫ് ബൂത്ത് ഏജന്റ് സജിത മോഹനന്റെ ദേഹത്തേക്ക് സിപിഐഎം പ്രവര്‍ത്തകര്‍ നായ്ക്കുരണ പൊടി വിതറിയതായി പരാതി.
കോഴിക്കോട് പൂക്കാട് കലാലയത്തിന് സമീപം തിരുവങ്ങൂർ യൂ പി സ്കൂൾ 209 ആം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ നിലത്ത് വീണ് തകരാറിലായി പോളിങ് തടസപ്പെട്ടു.തൃക്കരിപ്പൂർ പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് ഏജന്റ് ആരോപിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആള്‍ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഈ സമയത്ത് ബൂത്തിലെത്തിയ സന്ദീപ് വാരിയർ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും മറ്റ് ഏജന്റുമാരും പ്രതിഷേധവുമായി രംഗത്തെത്തി.
ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർഥി കെ.നീലകണ്ഠൻ്റെ ചീഫ് ഏജന്റ് ബി.എം. ജമാലിനെയാണ് ബേക്കൽ ഇസ്‍ലാമിക് എഎൽപി സ്കൂളിലെ പോളിങ് ബൂത്തിൽ വച്ച് പൊലീസ് പിടികൂടിയത്. ഇദ്ദേഹം അഭിഭാഷകനാണ്. ചീഫ് ഏജന്റിന്റെ കണ്ണട പൊലീസ് പിടിച്ചെടുത്തു. അറസ്റ്റുമായി ബന്ധപ്പെട്ട മറ്റു നടപടികൾ പിന്നീടുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ആറന്മുളയിലെ വോട്ടിങ് യന്ത്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന്റെ ചിത്രത്തിനേ തെളിച്ചമുള്ളൂ എന്നാരോപിച്ച് യുഡിഎഫ് പരാതി നല്‍കി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും പരാതിയുണ്ട്. ജില്ലാ കലക്ടറെ പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് കലക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലുമുള്ള വോട്ടിങ് യന്ത്രത്തിലും ഇങ്ങനെയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിൽ വരെ ഇവർക്കെല്ലാം ഇത്രയ്ക്ക് സ്വാധീനമുണ്ടോയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ആന്റോ ആന്റണി പ്രതികരിച്ചു. ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ വിജയം ഉറപ്പാണെന്നും ആന്റോ കൂട്ടിച്ചേർത്തു.
മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്തെന്ന് ആരോപണം. കയ്യാറിലെ 128–ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ഗൾഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫർ ചെയ്തെന്നാണ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫർ കസ്റ്റഡിയിൽ.