Share this Article
News Malayalam 24x7
ത്രസിപ്പിക്കുന്ന വിജയം, ഒറ്റ വോട്ടിൽ DMKകോട്ട തകർത്ത് മന്ത്രിയെ വീഴ്ത്തി വിജയ്‌യുടെ ടിവികെ
വെബ് ടീം
posted on 05-05-2026
1 min read
TVK

ചെന്നൈ: ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മിന്നും ജയം നേടി ടിവികെ(തമിഴക വെട്രി കഴകം) സ്ഥാനാർഥി,അതും ഡി എം കെ മന്ത്രിയെ ആകുമ്പോൾ ശരിക്കും അട്ടിമറി തന്നെ, തീരുന്നില്ല ഡിഎംകെ കോട്ടയിലാണ് ഈ വിജയമെന്നത് ത്രസിപ്പിക്കുന്നത് കൂടിയാകുന്നു.ടിവികെ സ്ഥാനാർഥി സീനിവാസ സേതുപതിയാണ് ആവേശ ജയം സ്വന്തമാക്കിയത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള പ്രമുഖ മണ്ഡലമായ തിരുപ്പത്തൂരിലാണ് സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രികൂടിയായ ഡിഎംകെ ഒറ്റനേതാവ് കെ.ആർ പെരിയകറുപ്പനെ സേതുപതി പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിൻ്റെ അവസാന നിമിഷം വരെ ആവേശഭരിതമായ പോരാട്ടത്തിനൊടുവിലാണ് ഈ ചരിത്രവിജയം സ്വന്തമാക്കിയത്.. ഭരണകക്ഷിയായ ഡിഎംകെക്കായി കെ.ആർ പെരിയകറുപ്പൻ വീണ്ടും അങ്കത്തിനിറങ്ങിയപ്പോൾ എഐഎഡിഎംകെ സഖ്യം ഈ സീറ്റ് ബിജെപിക്കാണ് നൽകിയത്. അതിനാൽ കെ.സി തിരുമാരനായിരുന്നു ബിജെപി സ്ഥാനാർഥി. ഇതിനുപുറമെ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനായി (ടിവികെ) സീനിവാസ സേതുപതിയും നാം തമിഴർ കക്ഷിക്കായി (എൻടികെ) രമ്യ മോഹനും ജനവിധി തേടി മത്സരരംഗത്തുണ്ടായിരുന്നു.വോട്ടെണ്ണലിൻ്റെ ആദ്യഘട്ടത്തിൽ ഭരണ പാർട്ടിയായ ഡിഎംകെയാണ്  മുന്നേറിയത്. വോട്ടെണ്ണലിൻ്റെ ആദ്യ മൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ ഡിഎംകെ സ്ഥാനാർഥിയായ മന്ത്രി പെരിയകറുപ്പൻ 10,533 വോട്ടുകൾ നേടി വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ഈ സമയത്ത് ടിവികെ സ്ഥാനാർഥി സീനിവാസ സേതുപതി 8,861 വോട്ടുകളോടെ രണ്ടാമതും ബിജെപി സ്ഥാനാർഥി തിരുമാരൻ 4,175 വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാൽ, പിന്നീടുള്ള റൗണ്ടുകളിൽ മത്സരം കൂടുതൽ കടുപ്പമായി മാറുകയായിരുന്നു.30-ാം റൗണ്ട് വോട്ടെണ്ണൽ കൂടി പൂർത്തിയായപ്പോൾ ജനവിധി അപ്രതീക്ഷിതമായി മാറിമറിഞ്ഞു. ഈ അവസാന റൗണ്ടിൽ പെരിയകറുപ്പന് 83,374 വോട്ടുകൾ ലഭിച്ചപ്പോൾ ടിവികെയുടെ സീനിവാസ സേതുപതി 83,375 വോട്ടുകൾ നേടി. ഇതിലൂടെ കൃത്യം ഒരൊറ്റ വോട്ടിൻ്റെ വ്യത്യാസത്തിലാണ് നിലവിലെ മന്ത്രിയെ പരാജയപ്പെടുത്തി സീനിവാസ സേതുപതി മണ്ഡലം പിടിച്ചെടുത്തത്.

ഈ മിന്നും വിജയത്തോടെ ശിവഗംഗ ജില്ലയിലെ നാല് നിയമസഭ മണ്ഡലങ്ങളിലും ടിവികെ തങ്ങളുടെ ആധിപത്യം വ്യക്തമായി ഉറപ്പിച്ചു. ജില്ലയിലുള്ള പ്രധാന മണ്ഡലങ്ങളായ ശിവഗംഗ, മാനാമധുര, കാരൈക്കുടി, തിരുപ്പത്തൂർ എന്നീ നാല് ഇടങ്ങളിലാണ് ടിവികെ വെന്നിക്കൊടി പാറിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories