കൊച്ചി: തിരസ്‌കാരത്തിന്റെയും മാറ്റിനിര്‍ത്തലിന്റെയും കാലങ്ങള്‍ കടന്ന് വി ഡി സതീശൻ കേരളത്തിന്റെ ഭരണസാരഥ്യത്തിൽ. ആദ്യം കൈവിട്ട പറവൂരുകാര്‍ പിന്നീടിങ്ങോട്ടുളള കാല്‍ നൂറ്റാണ്ടുകാലം ചേര്‍ത്ത് പിടിച്ച് സംസ്ഥാനത്തിന്റെ വിസ്മയനായകനാക്കി. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാള്‍ തന്നിലെ പ്രതിഭയെ പ്രകാശിപ്പിച്ചു. ഒപ്പം എത്രമേല്‍ ചവിട്ടിമെതിച്ചാലും ഉയര്‍ന്നുപൊന്തുന്ന കാതലുളള മരമാണെന്നും ചരിത്രത്തില്‍ എഴുതിചേര്‍ത്തു.കേരളത്തിന്റെ അധികാര സോപാനത്തിലേക്ക് പടവെട്ടിക്കയറിയതാണ് ചരിത്രം. ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചതിന്റെ റെക്കോഡ് സതീശനാണ്. 2021ല്‍ തോറ്റമ്പിയ യു.ഡി.എഫിനെ നയിക്കാനുളള നിയോഗം വന്നുചേര്‍ന്നപ്പോള്‍ കേരളം കണ്ടത് മറ്റൊരു സതീശനെയായിരുന്നു. തുടര്‍ച്ചയായ തോല്‍വിയില്‍ നിരാശരായിരുന്ന മുന്നണിയില്‍ ആത്മവിശ്വാസം നിറച്ച പട വെട്ടാൻ,കരുത്തുള്ള കൈ പിടിക്കുന്ന വിസ്മയ നായകനെ.100 സീറ്റ് നേടി അധികാരത്തില്‍ വന്നില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് കൂടി പറഞ്ഞതോടെ സതീശന്‍ കേരളത്തിന് പുറത്തേക്കും വരുന്ന അഖിലേന്ത്യാ നേതാവായി.ഒപ്പം നിന്നവര്‍ മറുകണ്ടം ചാടുമെന്ന് അറിഞ്ഞിട്ടും പീഡകരോട് വിട്ടുവീഴ്ച ചെയ്തില്ല. കടലിളകി വന്നാലും നിലപാട് മാറ്റില്ലെന്ന കരുത്തുള്ള നിലപാട് കാണിച്ച നേതാവിനായി ഒടുവിൽ ജനം തെരുവിലിറങ്ങി.ഹൈക്കമാൻഡിനെ വരെ ഒരുപാട് ചിന്തിപ്പിച്ച് ഒടുവിൽ സംസ്ഥാനത്തിന്റെ ഒന്നാം നമ്പർ കസേരയിൽ.
എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദരമേനോന്റെയും വിലാസിനിയമ്മയുടേയും മകനായി 1964 മേയ് 31നാണ് സതീശന്റെ ജനനം. വിദ്യാർഥി ജീവിതകാലത്ത് തന്നെ രാഷ്ട്രീയത്തിൽ ഇടപെട്ട സതീശൻ പനങ്ങാട് ഹൈസ്കൂളിൽ സ്കൂൾ ലീഡറും പിന്നീട് തേവര എസ് എച്ച് കോളജിൽ യൂണിയൻ ഭാരവാഹിയുമായി പൊതുരംഗത്ത് സജീവമായി. എംജി സർവകലാശാല യൂണിയൻ ചെയർമാനായും എൻഎസ്‌യു ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിയമബിരുദധാരിയായ സതീശൻ കുറേക്കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം വഹിച്ചു. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആയിരുന്നു. 5 വർഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിച്ചു. മികച്ച എംഎൽഎയ്ക്കുള്ള ഇരുപത്തഞ്ചിലേറെ അവാർഡുകൾ ലഭിച്ചു. 2001 മുതൽ പറവൂർ മണ്ഡലത്തിൽനിന്നു നിയമസഭാംഗം. 2021 മുതൽ 26 വരെ പ്രതിപക്ഷനേതാവായിരുന്നു. ലക്ഷ്മിപ്രിയയാണ് ഭാര്യ. മകൾ : ഉണ്ണിമായ1996 ലെ തിരഞ്ഞെടുപ്പിൽ സതീശൻ ആദ്യമായി മത്സരിക്കാനെത്തുമ്പോൾ പറവൂർ ഇടതു കോട്ടയായിരുന്നു. ആദ്യ വട്ടം സിപിഐയിലെ പി.രാജുവിനോടു 1116 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും പറവൂരിൽനിന്നു മടങ്ങിയില്ല. പറവൂരിനെ പ്രവർത്തന കേന്ദ്രമാക്കി, ആ നാടിന്റെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു. പിന്നീട് ഒരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തി മണ്ഡലം സതീശനൊപ്പം നിന്നു.
2001ൽ പി.രാജുവിനെ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി. 2006ൽ കെ.എം.ദിനകരനായിരുന്നു സിപിഐ സ്ഥാനാർഥി. 7,792 വോട്ടുകൾക്കു വിജയം. 2011ൽ സിപിഐ പന്ന്യൻ രവീന്ദ്രനെ രംഗത്തിറക്കിയെങ്കിലും 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സതീശൻ തന്നെ ജയിച്ചു. 2016ൽ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകൾ ജില്ലാ പഞ്ചായത്തംഗം ശാരദ മോഹനെതിരെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2021ൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിന് എം.ടി.നിക്സനെ പരാജയപ്പെടുത്തി. ഇത്തവണ ഇ.ടി.ടൈസനെതിരെ 20600 വോട്ടുകൾക്കാണ് വിജയിച്ചത്.